കുറഞ്ഞി ഉദ്യാനമടക്കം മൂന്നാര്‍ പരിസ്ഥിതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ. സംസ്ഥാന നേതാവ് പി.പ്രസാദ് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു.


തിരുവനന്തപുരം: കുറഞ്ഞി ഉദ്യാനമടക്കം മൂന്നാര്‍ പരിസ്ഥിതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ. സംസ്ഥാന നേതാവ് പി.പ്രസാദ് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും റവന്യൂ, വനം വകുപ്പുകളെയും എതിര്‍കക്ഷികളാക്കിയാണ് ഇടുക്കി ജില്ലയുടെ ചുമതല വഹിക്കുന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ പ്രസാദ് ട്രൈബ്യൂണലിനെ സമീപിച്ചത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിന് ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചു. മൂന്നാറില്‍ കൈയേറ്റം വ്യാപകമാണെന്നും കയ്യേറ്റക്കാരിലെ രാഷ്ട്രീയസ്വാധീനമുള്ളവര്‍ ഒഴിപ്പിക്കലിനു തടസമാകുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയും സ്ഥലംമാറ്റുകയും ചെയ്യുന്നു. വനംവകുപ്പിന് വനമേഖലയില്‍ നിയന്ത്രണമില്ല. രേഖകളിലും ക്രമക്കേടുകളുണ്ട്. കൈയേറ്റം ഒഴിപ്പിച്ച്‌ അതീവ പരിസ്ഥിതി ദുര്‍ബലമായ ഈ മേഖല സംരക്ഷിക്കണമെന്നും പി.പ്രസാദ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സി.പി.ഐ തീരുമാനപ്രകാരമാണ് ഹര്‍ജി നല്‍കിയതെന്ന് പി.പ്രസാദ് പ്രതികരിച്ചു. ഹരിത ട്രൈബ്യൂണല്‍ പരിഗണിക്കുന്ന കേസില്‍ കക്ഷി ചേരുകയാണ് ലക്ഷ്യം. ഇതിലൂടെ കേസില്‍ സി.പി.ഐക്ക് പറയാനുളളത് ട്രൈബ്യൂണലിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മൂന്നാര്‍ കൈയേറ്റത്തിന് ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തിരുന്നു.

Post A Comment: