രോഹിത് ശര്‍മയെ പോലെ വിനാശകാരികളായ ബാറ്റ്‌സ്മാന്‍മാര്‍ ഇന്ന് ക്രിക്കറ്റ് ലോകത്ത് വേറെയില്ല
അലസതയുടെ പ്രതിരൂപമാണെങ്കിലും താളം കണ്ടെത്തിയാല്‍ രോഹിത് ശര്‍മയെ പോലെ വിനാശകാരികളായ ബാറ്റ്‌സ്മാന്‍മാര്‍ ഇന്ന് ക്രിക്കറ്റ് ലോകത്ത് വേറെയില്ല. ശ്രീലങ്കക്കെതിരയായ ഏകദിന, ട്വന്റി-20 പരമ്പരകളില്‍ ഇന്ത്യയെ നയിച്ച രോഹിത് ഇരട്ട ശതകവും കുട്ടിക്രിക്കറ്റിലെ വേഗ ശതകവുമായി പരമ്പര തന്റേതാക്കി മാറ്റി. കൂറ്റനടികളുടെ രാജകുമാരനായ രോഹിതിന്‍റെ ഇരട്ട പേരായ ഹിറ്റ്മാന്‍ വൈറലായതും ഈ പ്രകടനങ്ങളെ തുടര്‍ന്നായിരുന്നു. എന്നാലിപ്പോള്‍ തനിക്ക് ഹിറ്റ്മാന്‍ എന്ന പേര് വീണതിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത്. 2013ല്‍ ബംഗളൂരുവില്‍ ഓസീസിനെതിരെ ഏകദിന കരിയറിലെ ആദ്യ ഇരട്ട ശതകം നേടിയതിന് പിന്നാലെയാണ് ഹിറ്റ്മാനായി താരം മാറിയത്. ഇന്ത്യയുടെ ഇപ്പോഴത്തെ പരിശീലകനായ രവി ശാസ്ത്രി അന്ന് കമന്റേറ്ററായിരുന്നു. മത്സരശേഷം ഒരു ആരാധകന്‍ രോഹിതിനോട് താങ്കളുടെ പേര് രോഹിറ്റ്എന്നല്ലേ തികച്ചും ഒരു ഹിറ്റ്മാനെ പോലെയാണ് താങ്കള്‍ കളിച്ചതെന്ന് അഭിപ്രായപ്പെട്ടു. ഇത് കേട്ടു നിന്ന രവിശാസ്ത്രി അത് പിന്നീട് കമന്ററിയില്‍ ഉപയോഗിച്ചെന്നും അതോടെ താന്‍ ഹിറ്റ്മാനായെന്നുമാണ് രോഹിത് പറയുന്നത്.

Post A Comment: