കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍.


റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍. ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ 1990-97 കാലയളവില്‍ കാലിത്തീറ്റ കുംഭകോണത്തില്‍ 89 ലക്ഷം രൂപ വെട്ടിച്ച കേസിലാണ്​ റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി വിധി പറഞ്ഞത്​. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെ കോടതി വെറുതേവിട്ടു. മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് കാലിത്തീറ്റ വാങ്ങിയതുമായി ബന്ധപ്പെട്ട് 900 കോടിയോളം രൂപ തട്ടിയ കേസുകളാണ് ലാലുവിനും കൂട്ടര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തത്. ട്രഷറികളില്‍ നിന്ന് പലപ്പോഴായി പല തുകയാണ് പിന്‍വലിച്ചത്. ഇതില്‍ ദിയോഗര്‍ ട്രഷറിയില്‍ നിന്നും പണം വെട്ടിച്ച കേസിലാണ് സി.ബി.ഐ കോടതി വിധി പറഞ്ഞത്. ലാലു അടക്കം 20 പേര്‍ കേസില്‍ പ്രതികളായ കേസില്‍ ഡിസംബര്‍ 13നാണ് വാദം പൂര്‍ത്തിയായത്. 2013ല്‍ ആദ്യ കേസില്‍ വിധി പറഞ്ഞ കോടതി ലാലുവിന് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിക്കുകയും ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ജയിലില്‍ കിടന്ന ലാലുവിന് പിന്നീട് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത് നാലു കേസുകളിലും ലാലു പ്രസാദ് യാദവ് വെവ്വേറെ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു.

Post A Comment: