ഇപ്പോള്‍ അറസ്റ്റിലായവരില്‍ ഏഴുപേര്‍ കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരും രണ്ടുപേര്‍ മുഖ്യ ആസൂത്രകരുമാണ്

കൊച്ചി: പയ്യോളി മനോജ് വധക്കേസില്‍ അറസ്റ്റിലായ ഒന്‍പതു സിപിഎം പ്രവര്‍ത്തകരെയും എറണാകുളം സിജെഎം കോടതി 12 ദിവസത്തേക്കു സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടു. ജനുവരി 10 വരെയാണു കസ്റ്റഡി കാലാവധി. മനോജിന്‍റേതു രാഷ്ട്രീയ കൊലപാതകമാണെന്നും വിദേശത്തുള്ള രണ്ടുപേരുള്‍പ്പെടെ കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.
ഇപ്പോള്‍ അറസ്റ്റിലായവരില്‍ ഏഴുപേര്‍ കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരും രണ്ടുപേര്‍ മുഖ്യ ആസൂത്രകരുമാണ്. ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം ഏരിയാ കമ്മിറ്റിയുടെ അനുമതിയോടെ നടപ്പാക്കുകയായിരുന്നു. സിഐടിയു പ്രവര്‍ത്തകനായ ഓട്ടോഡ്രൈവര്‍ ബാബുവിനെ വെട്ടിയതിന്‍റെ പ്രതികാരമായിരുന്നു മനോജിനെതിരായ അക്രമം. കേസ് കെട്ടിച്ചമച്ചതാണെന്നു പ്രതികള്‍ കോടതിയില്‍ ബോധിപ്പിച്ചെങ്കിലും അതു വിചാരണയില്‍ തെളിയേണ്ടതാണെന്നു കോടതി പ്രതികരിച്ചു. ജില്ലാ കമ്മിറ്റിയംഗവും റിട്ട. അധ്യാപകനുമായ ടി. ചന്തു, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി. രാമചന്ദ്രന്‍, ഏരിയാ കമ്മിറ്റിയംഗം സി. സുരേഷ്, പി. അനൂപ്, പയ്യോളി നഗരസഭാ കൌണ്‍സിലര്‍ കെ.ടി. ലിഖേഷ്, ലോക്കല്‍ കമ്മിറ്റിയംഗം എന്‍.സി. മുസ്തഫ, അഖില്‍നാഥ് കൊടക്കാട്ട്, നെരവത്ത് രതീഷ്, അയനിക്കാട് സൌത്ത് ബ്രാഞ്ച് മുന്‍സെക്രട്ടറി പി കെ കുമാരന്‍ എന്നിവരെയാണ് സിബിഐ സംഘം അറസ്റ്റു ചെയ്തത്.
2012 ഫെബ്രുവരി 12നാണ് ബിജെപി പ്രവര്‍ത്തകനായ മനോജിനെ മുഖംമൂടിസംഘംവീട്ടില്‍കയറി വെട്ടിയത്. ഗുരുതരമായി പരുക്കേറ്റ മനോജ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്.

Post A Comment: