കാല്‍ നടയാത്രക്കാരുടെ നിരന്തരമുള്ള പരാതിയെ തുടര്‍ന്നാണ്‌ നഗരസഭാ ഹെല്‍ത്ത് വിഭാഗം വഴിയോര കച്ചവടങ്ങള്‍ പൊളിച്ചു നീക്കുന്നത്

കുന്നംകുളം: നഗരത്തിലെ അനധികൃത വഴിയോര കച്ചവടങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. കാല്‍ നടയാത്രക്കാരുടെ നിരന്തരമുള്ള പരാതിയെ തുടര്‍ന്നാണ്‌ നഗരസഭാ ഹെല്‍ത്ത് വിഭാഗം വഴിയോര കച്ചവടങ്ങള്‍ പൊളിച്ചു നീക്കുന്നത്. എന്നാല്‍ വ്യാപാര സംഘടനകളുടെ സമ്മര്‍ദം മൂലം നഗര കേന്ദ്രത്തിലെ വഴിയോര കച്ചവടങ്ങള്‍ നീക്കം ചെയ്യാത്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നു.
                     
 കുന്നംകുളം നഗരസഭാ കൌണ്‍സില്‍ യോഗത്തില്‍ നഗര കേന്ദ്രത്തില്‍ റെഡ് സോണ്‍ പ്രക്യാപിച്ച് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന മുഴുവന്‍ അനധികൃത വഴിയോര കച്ചവടങ്ങളും നീക്കം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇത് പ്രകാരം ഇത്തരത്തിലുള്ള മുഴുവന്‍ കച്ചവടക്കാര്‍ക്കും നഗരസഭാ നോട്ടീസ് നല്‍കിയിരുന്നു. സ്വമേദയാ ഒഴിഞ്ഞു പോകാന്‍ തയ്യാറാകാതിരുന്ന കച്ചവടക്കാരുടെ കടകളാണ് നഗരസഭാ അധികൃതര്‍ പൊളിച്ചു നീക്കിയത്. കുന്നംകുളം തൃശൂര്‍ റോഡിലെയും, കുന്നംകുളം ഗുരുവായൂര്‍ റോഡിലെയും കടകള്‍ പൊളിച്ചു നീക്കിയവയില്‍ പെടുന്നു. നഗരസഭാ ഹെല്‍ത്ത്‌ സൂപ്പര്‍ വൈസര്‍ കെ എസ് ലക്ഷ്മണന്‍, ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ യു എ സനല്‍കുമാര്‍, സജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.


 എന്നാല്‍ കുന്നംകുളം ബസ്‌ സ്റ്റാന്റിലും സമീപ വ്യാപാര സമുച്ചയങ്ങളിലെയും  കച്ചവടക്കാര്‍ ഫൂട്ട്പാത്തിലേക്ക് ഇറക്കി വെച്ച് നടത്തുന്ന കച്ചവടങ്ങളോ നഗര കേന്ദ്രത്തിലെ വഴിയോര കച്ചവടങ്ങലോ പൊളിച്ചു നീക്കാന്‍ നഗരസഭാ തയ്യാറായിട്ടില്ല. കാനകള്‍ക്ക് മുകളിലെ സ്ലാബുകളിലും മറ്റും ഇത്തരത്തില്‍ നിരവധി പേരാണ് വഴി മുടക്കി അനധികൃത കച്ചവടം നടത്തുന്നത്. വ്യാപാര സംഘടനകളില്‍ അംഗത്വമുള്ള ഇവരെ സംഘടനകളുടെ സമ്മര്‍ദം മൂലം നടപടികളില്‍ നിന്ന് ഒഴിവാക്കുകയാണ് എന്ന് ആക്ഷേപമുണ്ട്.

Post A Comment: