ഓഖി ദുരിതം വിതച്ച എറണാകുളം ചെല്ലാനത്ത് സൗജന്യ റേഷന്‍ വിതരണം കാര്യക്ഷമമല്ലെന്ന് ആക്ഷേപം


ചെല്ലാനം: ഓഖി ദുരിതം വിതച്ച എറണാകുളം ചെല്ലാനത്ത് സൗജന്യ റേഷന്‍ വിതരണം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. സൗജന്യ റേഷന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രം ക്രമപ്പെടുത്തിയിരിക്കുന്നതിനാല്‍ ഓഖി ദുരന്തത്തില്‍പ്പെട്ട മറ്റുള്ളവര്‍ക്ക് റേഷന്‍ ലഭിക്കുന്നില്ലെന്നാണ് ആരോപണം. ഓഖി ചുഴലിക്കാറ്റ് അറബിക്കടലില്‍ താണ്ഡവമാടിയപ്പോള്‍ ചെല്ലാനം മറുവക്കാട്ടേയും വേളാങ്കണ്ണി ഭാഗത്തേയും നിരവധി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലും അഭയം പ്രാപിച്ചിരുന്നു. ഇവര്‍ തിരിച്ച് വീടുകളിലേക്ക് മടങ്ങുമ്പോള്‍ സൗജന്യ റേഷന്‍ ലഭിക്കുമെന്നായിരുന്നു വാഗ്ദ്ദാനം. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് മാത്രം റേഷന്‍ നല്‍കിയാല്‍ മതിയെന്നതാണ് പ്രശ്‌നത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി കാര്‍ഡുള്ളവര്‍ക്ക് റേഷന്‍ ലഭിക്കുന്നുണ്ട്. ഇതോടെ കൂലിപ്പണിക്കാരും കെട്ടിട നിര്‍മ്മാണ തൊഴിലാളികളുമായ പ്രദേശത്തെ വലിയൊരു വിഭാഗം ലിസ്റ്റിന് പുറത്തായി. തഹസില്‍ദാരെ വിവരം അറിയിച്ചതോടെ ദുരുതാശ്വാസ ക്യമ്പില്‍ കഴിഞ്ഞവര്‍ക്ക് റേഷന്‍ നല്‍കാന്‍ ഉത്തരവായി. എന്നാല്‍ 115 കുടുംബങ്ങള്‍ മാത്രമാണ് ക്യാമ്പിലെ രജിസ്റ്ററില്‍ ഒപ്പിട്ടിരിക്കുന്നത്. ഇതോടെ 300 ല്‍ അധികം കുടുംബങ്ങള്‍ വീണ്ടും റേഷന്‍ ലിസ്റ്റിന് പുറത്തായിരിക്കുകയാണ്.


Post A Comment: