മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കള്ളക്കളി നടത്തുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി

തിരുവനന്തപുരം: സര്‍ക്കാരിന് തന്‍റേടമുണ്ടെങ്കില്‍ ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോഹന്‍ ഭഗവതിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ നിയമോപദേശം ലഭിക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഇപ്പോള്‍ മുഖ്യമന്ത്രിക്ക് എന്ത് നിയമോപദേശമാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ആര്‍എസ്‌എസിനെ പ്രീണിപ്പിക്കുന്ന നയമാണ് ഈ സര്‍ക്കാരിനുള്ളത് . അതുകൊണ്ടാണ് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കാതെ മാനേജര്‍ക്കും പ്രധാനാധ്യാപകനുമെതിരെ മാത്രം നടപടിക്ക് ശുപാര്‍ശ ചെയ്തത്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കള്ളക്കളി നടത്തുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്കൂളില്‍ കഴിഞ്ഞ സ്വാതന്ത്രദിനത്തിലാണ് ചട്ടംലംഘിച്ച്‌ ആര്‍എസ്‌എസ് അധ്യക്ഷന്‍ ദേശീയപതാകയുയര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് സ്കൂളിലെ പ്രധാന അധ്യാപകനും മാനേജര്‍ക്കും എതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് ആര്‍എസ്‌എസ് മേധാവിക്കെതിരെയും നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല വീണ്ടും രംഗത്തെത്തിയത്.


Post A Comment: