രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് സംവിധായകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ആവശ്യപ്പെട്ടത്

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കിയ വിഷയത്തില്‍ ഹൈക്കോടതി കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനോട് വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് സംവിധായകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ആവശ്യപ്പെട്ടത്.
തന്‍റെ ഭാഗം കേള്‍ക്കാതെയാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതെന്ന് സനല്‍കുമാര്‍ ശശിധരന്‍ ഹര്‍ജിയില്‍ ആരോപിച്ചു. ഏകപക്ഷീയമായി സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയത് സാമാന്യ നീതിക്ക് നിരക്കുന്ന നടപടിയല്ലെന്നും സനല്‍കുമാര്‍ ശശിധരന്‍ വാദിച്ചു.
നേരത്തെ സെക്സി ദുര്‍ഗ എന്നു പേരിട്ട ചിത്രം സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശപ്രകാരമാണ് എസ് ദുര്‍ഗ എന്നാക്കിമാറ്റിയത്. എന്നാല്‍, ഈ ചിത്രം ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ സംഘാടകര്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് സനല്‍കുമാര്‍ ശശിധരന്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി ചിത്രത്തിന് അനുകൂലമായ നിലപാട് കൈക്കൊള്ളുകയും ചെയ്തു. ഇതിനുശേഷമാണ് ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കിയത്. ഇതുമൂലം ചിത്രം ഗോവയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതുമില്ല.


Post A Comment: