യു.പി.എ മന്ത്രിസഭയെ നയിച്ചത് മന്ത്രിസഭക്ക് പുറത്തു നിന്നുള്ളവരാണെന്ന ആരോപണത്തിന് തെളിവുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ രംഗത്ത്ദില്ലി: മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്ന യു.പി.എ മന്ത്രിസഭയെ നയിച്ചത് മന്ത്രിസഭക്ക് പുറത്തു നിന്നുള്ളവരാണെന്ന ആരോപണത്തിന് തെളിവുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ രംഗത്ത്. രാഹുല്‍ ഗാന്ധിയും മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജനും തമ്മില്‍ നടന്ന ഇമെയില്‍ സംഭാഷണവുമായാണ് ഗോയല്‍ രംഗത്തെത്തിയിരിക്കുന്നത്. ഗുജറാത്തിലെ ഒരു പദ്ധതിയെ കുറിച്ചാണ് ഇരുവരുടെയും സംഭാഷണം. ജയന്തി നടരാജന്‍ ചില പദ്ധതികളെ കുറിച്ച് രാഹുലിനോട് പറയുന്നതും പദ്ധതി നടപ്പിലാക്കുന്നതിന് രാഹുലിന്‍റെയും സോണിയയുടെയും മാര്‍ഗ നിര്‍ദേശം ആവശ്യപ്പെടുകയും ചെയ്യുന്നു. ഗുജറാത്തിലെ പദ്ധതികള്‍ക്ക് നിയമം കര്‍ക്കശമായി പാലിച്ചുമാത്രമേ പാരിസ്ഥിതിക അനുമതി നല്‍കാവൂ എന്ന് രാഹുല്‍ മറുപടിയും നല്‍കിയിട്ടുണ്ട്. യു.പി.എ ഭരണത്തില്‍ മന്‍മോഹന്‍ സിങിനെ ഒരു പങ്കും ഇല്ലായിരുന്നെന്നാണ് ഈ സന്ദേശങ്ങള്‍ കാണിക്കുന്നതെന്ന് ഗോയല്‍ ആരോപിച്ചു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തില്‍ വികസനങ്ങള്‍ക്ക് തടയിടാന്‍ കേണ്‍ഗ്രസ് ശക്തമായി ശ്രമിച്ചുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഗോയല്‍ ആരോപിക്കുന്നു. നരേന്ദ്ര മോദി അപവാദം പ്രചരിപ്പിക്കുന്നുവെന്നാരോപിക്കുന്ന മന്‍മോഹന്‍ സിങ്ങിന്‍റെ വീഡിയോ പുറത്തു വന്നതിനു പിന്നാലെയാണ് ഗോയലിന്‍റെ വെളിപെടുത്തല്‍. 2015ല്‍ കോണ്‍ഗ്രസ് വിട്ട ജയന്തി നടരാജന്‍ രാഹുലിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Post A Comment: