തീരുമാനമെടുക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രത്യേക കമ്മറ്റിയെ നിയോഗിച്ചതായി റിപ്പോര്‍ട്ട്

ദില്ലി: എംപിമാരെയും എംഎല്‍എമാരെയും അഭിഭാഷകവൃത്തിയില്‍ നിന്ന് വിലക്കണമെന്ന ഹരജിയില്‍ തീരുമാനമെടുക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രത്യേക കമ്മറ്റിയെ നിയോഗിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍കുമാര്‍ മിശ്ര ഇക്കാര്യം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പരാതിയില്‍ ഒരാഴ്ചക്കുള്ളില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മിശ്ര ന്യൂസ് 18നോട് പറഞ്ഞു. ഭോജ് ചന്ദര്‍ താക്കൂര്‍, രമേശ് ചന്ദ്ര ജി ഷാ, ഡിപി ധാല്‍ എന്നിവരടങ്ങിയ പാനലാണ് ഹരജി പരിഗണിക്കുന്നത്.
ജനപ്രതിനിധികളെ അഭിഭാഷക വൃത്തിയില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് അശ്വിനി ഉപാധ്യായയാണ് ഹരജി സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൈപറ്റുന്നവരാണ് എം.എല്‍.എമാരും എം.പിമാരും. അതിനാല്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാരാണെന്നും അശ്വിനി തന്റെ ഹരജിയില്‍ വാദിക്കുന്നു. പാര്‍ലമെന്റിലെയും നിയമസഭയിലെയും സമ്മേളനങ്ങള്‍ നടക്കുന്ന സമയങ്ങളില്‍ വരെ പല  എംപിമാരും എംഎല്‍മാരും അഭിഭാഷകരായി കേസുകളില്‍ ഹാജരാകുന്നുണ്ട്. മാത്രമല്ല സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക താത്പര്യങ്ങള്‍ക്ക് എതിരായാണ് പല കേസുകളിലും ഹാജരാകുന്നത്’, ഡിസംബര്‍ 18ന് അശ്വിനി നല്‍കിയ ഹരജിയില്‍ പറയുന്നു.
ഒരു ജനപ്രതിനിധി ഉദ്യോഗസ്ഥരേക്കാളും ജുഡീഷ്യറിയേക്കാളും മികച്ച ആനുകൂല്യങ്ങളും ശമ്പളവും പെന്‍ഷനും കൈപറ്റുന്നവരാണ്. അതിനാല്‍ തന്നെ വക്കീലായുള്ള പ്രാക്ടീസ് എംപിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമിടയില്‍ അനുവദിക്കാനാവില്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു.മാത്രമല്ല മുഴുവന്‍ സമയവും പൊതുജനങ്ങളുടെയും മണ്ഡലത്തിന്റെയും ക്ഷേമത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കേണ്ടവരാണ് അവരെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.
അതേസമയം അഡ്വക്കേറ്റ് ആക്റ്റ് പ്രകാരവും ബാര്‍കൗണ്‍സില്‍ ചട്ടപ്രകാരവും ജനപ്രതിനിധികള്‍ക്ക് പ്രാക്ടീസ് ചെയ്യാം എന്നാണ് 2012ലെ സുപ്രിം കോടതി വിധി പറയുന്നത്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ പരാജയത്തിനു ശേഷം മുന്‍ കോണ്‍ഗ്രസ്സ് മന്ത്രിമാരായ പി ചിദംബരം, കപില്‍ സിബല്‍ എന്നിവര്‍ അഭിഭാഷകവൃത്തിയിലേക്ക് തിരികെ വന്നിരുന്നു. എന്നാല്‍ അരുണ്‍ ജെയ്റ്റ്‌ലിയെ പോലെയുള്ളവര്‍ മന്ത്രിമാരായ ശേഷം അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നില്ല.

Post A Comment: