മുഴുവന്‍ സമയം ആരാധ്യയെയും ഒപ്പം കൂട്ടി നടന്നിരുന്ന ഐശ്വര്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്ത് വന്നിരുന്നു


അഭിഷേക് ബച്ചന്റെയും താര സുന്ദരി ഐശ്വര്യ റായിയുടെയും മകള്‍ ആരാധ്യ സ്മാര്‍ട്ട് കുട്ടിയാണ്. എപ്പോഴും അമ്മയുടെ പിറകെ നാണിച്ച് നില്‍ക്കാറുള്ള ആരാധ്യ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഈ ഒറ്റ പെര്‍ഫോര്‍മന്‍സ് കൊണ്ട്. മുഴുവന്‍ സമയം ആരാധ്യയെയും ഒപ്പം കൂട്ടി നടന്നിരുന്ന ഐശ്വര്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്ത് വന്നിരുന്നു. ആരാധ്യ സ്‌കൂളില്‍ പോകാറില്ലെയെന്നും എപ്പോഴും കുട്ടിയെയും കൊണ്ട് കറക്കം മാത്രമാണോയെന്ന രീതിയിലുള്ള ചോദ്യങ്ങളാണ് ഉയര്‍ന്ന് വന്നത്. എന്നാല്‍ അതിനെയെല്ലാം പൊളിച്ച് മാറ്റി ആരാധ്യ തന്റെ കഴിവ് പുറത്ത് കാണിക്കുകയാണ് ചെയ്തത്. എന്തെന്നാല്‍ തന്റെ സ്‌കൂള്‍ വാര്‍ഷിക ദിനത്തോടനുബന്ധിച്ചുള്ള നൃത്ത പരിപാടിയിലൂടെ എല്ലാവരെയും ആരാധ്യ രസിപ്പിച്ചു.
 മുംബൈയിലെ ധീരുബായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വാര്‍ഷിക ദിനാഘോഷ പരിപാടിയ്ക്കാണ് ആരാധ്യ പങ്കെടുത്തത്. ഇപ്പോള്‍ അതിന്റെ ദൃശ്യങ്ങള്‍ വൈറലായിക്കാണ്ടിരിക്കുകയാണ്. ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തത്തില്‍ ശ്രദ്ധാകേന്ദ്രമായത് അഭിഷേക് ബച്ചന്റെയും ഐശ്വര്യാ റായിയുടെയും മകളായ ആരാധ്യ ബച്ചന്‍ തന്നെയായിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെയും ചുറുചുറുക്കോടെയും നൃത്തം ചെയ്യുന്ന ആരാധ്യയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച.
മകളുടെ നൃത്തം കാണാന്‍ അഭിഷേകും ഐശ്വര്യയും ഒപ്പം ജയാ ബച്ചനും ബിന്ദ്രാ റായിയും സദസ്സിന്റെ മുന്‍ നിരയില്‍ തന്നെ സ്ഥാനം ഉറപ്പിച്ചിരുന്നു. ഷൂട്ടിംഗ് തിരക്കുമൂലം മുത്തച്ഛന്‍ അമിതാഭ് ബച്ചന് ആരാധ്യയുടെ നൃത്തം കാണാന്‍ എത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇന്‍സ്റ്റഗ്രാമിലൂടെ അമിതാഭ് ബച്ചന്‍ പോസ്റ്റ് ചെയ്ത ആരാധ്യയുടെ നൃത്തത്തിന്റെ ചിത്രങ്ങള്‍ക്ക് വന്‍ പ്രതികരണമാണ് ലഭിച്ചത്.

Post A Comment: