കേരളം സന്ദര്‍ശിച്ച പ്രധാനമന്ത്രിയോടും ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.ദില്ലി: സംസ്ഥാനത്തെ പിടിച്ചുലച്ച ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി. ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ആവശ്യമായിരുന്നു ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കുക എന്നത്.
നിലവിലുള്ള ചട്ടങ്ങള്‍ ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിന് തടസമാണെന്ന് രാജ്നാഥ് സിംഗ് സഭയില്‍ പറഞ്ഞു. എന്നാല്‍ അതീവ ഗുരുതര സാഹചര്യമായാണ് ഓഖി ദുരന്തത്തെ കേന്ദ്രസര്‍ക്കാര്‍ കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തില്‍ ഇതുവരെ കേരളത്തില്‍ 74 പേര്‍ മരിക്കുകയും 215 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
രാവിലെ ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച കേന്ദ്രമുന്നറിയിപ്പ് കേരള സര്‍ക്കാര്‍ ഗൗരവത്തോടെ എടുത്തില്ലെന്ന് അനന്ത് കുമാര്‍ കുറ്റപ്പെടുത്തി. ദുരന്തത്തില്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും പുന:രധിവാസ പാക്കേജും ഉള്‍പ്പെടെ നല്‍കുന്നത് സംബന്ധിച്ചകാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ ഓഖി ചുഴലിക്കൊടുങ്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് കേരളത്തിന് ലഭിച്ചത് വൈകിയാണെന്ന് ലോക്സഭയില്‍ കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. മുന്നറിയിപ്പ് ലഭിച്ചത് ചുഴലിക്കാറ്റ് നാശം വിതച്ച ശേഷമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും അനുവദിക്കണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ഡിസംബര്‍ 19 ന് കേരളം സന്ദര്‍ശിച്ച പ്രധാനമന്ത്രിയോടും ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.

Post A Comment: