കണ്ണൂരില്‍ പലയിടത്തും വ്യാപക അക്രമ സംഭവങ്ങള്‍


കണ്ണൂര്‍: കണ്ണൂരില്‍ പലയിടത്തും വ്യാപക അക്രമ സംഭവങ്ങള്‍. അഴീക്കോട് ഓലാടത്താഴത്ത് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ഇ വി മിഥുന്‍, റനീസ് എന്നിവരെ പരിയാരം മെഡിക്കല്‍ കോളെജിലും തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മിഥുനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. പുലര്‍ച്ചെ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. പല വീടുകളുടെയും ജനാലകള്‍ എറിഞ്ഞു തകര്‍ത്തു. വാഹനങ്ങളും നശിപ്പിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്ലെന്ന് സിപിഐഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ പ്രദേശത്ത് സിപിഐഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്. എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും കല്ലേറുണ്ടായതായി നേതാക്കള്‍ പറഞ്ഞു. തന്നട ഇരിവേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെയും അക്രമമുണ്ടായി. ജനലുകളും കൊടിമരവും പ്രചാരണ ബോര്‍ഡുകളും അക്രമികള്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം കടബൂരില്‍ രാജീവ് ഭവന് നേരെയും ആക്രമണമുണ്ടായിരുന്നു. പൊലീസ് ശക്തമായ നടപടി എടുക്കുന്നില്ലെന്നാരോപിച്ച്‌ കെ സുധാകരന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു.

Post A Comment: