കോണ്‍ഗ്രസിന് മാത്രമാണ് മിഥ്യയില്‍ തോല്‍വി ആസ്വദിക്കാനാകുവെന്ന് അദ്ദേഹം പറഞ്ഞു. ജനവിധിയെ അപമാനിക്കുകയാണ് അവര്‍

ദില്ലി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അടിയേറ്റെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്ക് പ്രതികരണവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. കോണ്‍ഗ്രസിന് മാത്രമാണ് മിഥ്യയില്‍ തോല്‍വി ആസ്വദിക്കാനാകുവെന്ന് അദ്ദേഹം പറഞ്ഞു. ജനവിധിയെ അപമാനിക്കുകയാണ് അവര്‍. ഇത് കുടുംബാധിപത്യത്തിന്‍െറ അഹങ്കാരമാണ്. ഞങ്ങള്‍ റഫേല്‍ ഇടപാട് നടത്തിയപ്പോള്‍ അത് അഴിമതിയാണെന്ന് കോണ്‍ഗ്രസ് പറയുന്നു. യുപിഎ ഭരണകാലത്ത് ഇത് ഒരു പ്രവണതയായിരുന്നു. അതിപ്പോള്‍ മാറി. സുതാര്യതക്ക് ഉദാഹരണമാണ് റാഫേല്‍ ഇടപാടെന്ന് മന്ത്രി വ്യക്തമാക്കി. ബോഫോഴ്സ് അഴിമതിയില്‍ ഉള്‍പ്പെട്ടിരുന്നവര്‍ക്ക് ഈ സുതാര്യ പ്രക്രിയ മനസ്സിലാകില്ല- അദ്ദേഹം കളിയാക്കി.
കോണ്‍ഗ്രസ് അമിത് ഷായുടെ മകന്‍ ജയ് ഷായെക്കുറിച്ച്‌ സംസാരിക്കുന്നു. നിയമാനുസൃതമായി ബിസിനസ്സ് ചെയ്യാന്‍ ജയ് ഷാ ശ്രമിച്ചു. അവന് നഷ്ടങ്ങളുണ്ടായി. വിറ്റുവരവ് എന്നത് ലാഭം എന്നാണവര്‍ ചിന്തിക്കുന്നത്. അവരെക്കുറിച്ച്‌ എന്ത് പറയാനാണ്. ജയ് ഷാക്കായി സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കിയിട്ടില്ല. റോബര്‍ട്ട് വാദ്രയുടെ കാര്യത്തില്‍, എട്ട് കോടി മൂല്യമുള്ള ഭൂമിക്ക് പകരമായി വാദ്ര ഒരാള്‍ക്ക് എട്ട് കോടി രൂപ വായ്പ നല്‍കി. മൂന്നുമാസത്തിനുള്ളില്‍ ഈ 50 കോടി രൂപക്ക് മറിച്ചുവിറ്റു. ഇതാണ് അഴിമതി.
ബിജെപിക്ക് കനത്ത ആഘാതമെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ഞങ്ങളാണ് ജയിച്ചത്. കോണ്‍ഗ്രസിനാണ് ആഘാതമുണ്ടായത്. ഞങ്ങളുടെ വോട്ട് ശതമാനം വര്‍ധിച്ചു. കോണ്‍ഗ്രസ് വിഭജിത രാഷ്ട്രീയത്തിനാണ് ശ്രമിച്ചത്. ഏത് സംസ്ഥാനത്താണ് 49 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിച്ചതെന്ന് പറയട്ടെ- മന്ത്രി വെല്ലുവിളിച്ചു. 19 സംസ്ഥാനങ്ങളില്‍ എന്‍ഡിഎ ആണ് ഭരണം. കോണ്‍ഗ്രസ് രാജ്യത്ത് താഴേക്ക് പോവുകയാണ്. മോദിയുടെ വിശ്വാസ്യത ദിനേന വര്‍ദ്ധിക്കുകയാണ്.ഞങ്ങളുടെ ദൗത്യം വികസനമാണെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. കോണ്‍ഗ്രസിനാണ് അതിന്‍റെ വിശ്വാസ്യത നഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.


Post A Comment: