ക്രിസ്മസ് ദിനത്തില്‍ നോയ്ഡയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്.

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ ഉണ്ടായഗുരുതര സുരക്ഷാ വീഴ്ചയെപ്പറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ക്രിസ്മസ് ദിനത്തില്‍ നോയ്ഡയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് സംഭവിച്ച വീഴ്ച സംബന്ധിച്ചാണ് അന്വേഷണം. ഡല്‍ഹി മെട്രോയുടെ മജന്ത ലൈന്‍ സെക്ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചശേഷം മടങ്ങിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വഴിതെറ്റി സഞ്ചരിച്ചതാണ് സുരക്ഷാ വീഴ്ചയ്ക്ക് ഇടയാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പ്രധാനമന്ത്രി അടക്കം നിരവധി വിശിഷ്ട വ്യക്തികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ ഇതേത്തുടര്‍ന്ന് ഗതാഗതക്കുരുക്കില്‍പ്പെട്ടു. ഒരു ബസും മോട്ടോര്‍ സൈക്കിളും വി.വി.ഐ.പികള്‍ സഞ്ചരിച്ച വാഹനങ്ങളുടെ തൊട്ടടുത്തുവരെ എത്തി. മൂന്ന് മിനിറ്റോളം പ്രധാനമന്ത്രി അടക്കമുള്ളവര്‍ ഗതാഗത കുരുക്കില്‍പ്പെട്ടു. പോലീസ് ഉദ്യോഗസ്ഥരും ട്രാഫിക് പോലീസും സ്ഥലത്തെത്തി ഗതാഗത കുരുക്കഴിച്ച ശേഷമാണ് വാഹനവ്യൂഹത്തിന് മുന്നോട്ടുപോകാന്‍ കഴിഞ്ഞത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നേരത്തെ നിശ്ചയിച്ചിരുന്നതിനേക്കാള്‍ 200 മീറ്റര്‍ മുമ്പേ വളവ് തിരിഞ്ഞതുമൂലമാണ് വഴിതെറ്റി സഞ്ചരിക്കേണ്ടിവന്നത്. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്ത വഴിയിലൂടെ ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിക്ക് സഞ്ചരിക്കേണ്ടിവന്നു. മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ നിഥിന്‍ തിവാരിക്കായിരുന്നു പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിന്‍റെ ചുമതല. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിനൊപ്പം സഞ്ചരിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

Post A Comment: