പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നൗഷേര സെക്ടറിലെ ഇന്ത്യയുടെ പോസ്റ്റിനു നേരെയാണ് പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ ഇന്ന് പുലര്‍ച്ചെ വെടിയുതിര്‍ത്തത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെ പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യ അതിശക്തമായി തന്നെ തിരിച്ചടിച്ചതോടെ ഒരു മണിക്കൂറോളം കനത്ത വെടിവയ്പാണുണ്ടായത്.  പിന്നീട് പാകിസ്ഥാന്‍ ആക്രമണത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. കഴിഞ്ഞയാഴ്ച രൗജൗരിയിലെ കെറി സെക്ടറില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ മേജറടക്കം നാല് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.തുടര്‍ന്ന് അതിര്‍ത്തിയില്‍ 300 മീറ്ററോളം കടന്നുകയറി ഇന്ത്യ നടത്തിയ ആക്രമണത്തില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഈവര്‍ഷം മാത്രം 881 തവണയാണ് പാകിസ്ഥാന്‍ ജമ്മുകാശ്മീരില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചത്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഇത്രയും കൂടുതല്‍ വെടിവയ്പുണ്ടാവുന്നത്.  ഈ മാസം പത്താം തീയതി വരെ നിയന്ത്രണ രേഖയില്‍ മാത്രം 771 തവണയും രാജ്യാന്തര അതിര്‍ത്തിയില്‍ 110 തവണയും പാകിസ്ഥാന്‍ വെടിയുതിര്‍ത്തിട്ടുണ്ട്. 14 സൈനികരും 12 തദ്ദേശവാസികളും നാല് ബി.എസ്.എഫ് ജവാന്മാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

Post A Comment: