നാല്‍പ്പത്തിയൊന്ന് നാളത്തെ മണ്ഡലകാല വ്രതാനുഷ്ഠാനത്തിന് പരിസമാപ്തിയായി.
മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 ന് വീണ്ടും നട തുറക്കും.
പത്തനംതിട്ട: നാല്‍പ്പത്തിയൊന്ന് നാളത്തെ മണ്ഡലകാല വ്രതാനുഷ്ഠാനത്തിന് പരിസമാപ്തിയായി. സന്നിധാനത്ത് രാവിലെ പതിനൊന്നരയോടെ  മണ്ഡല പൂജ ചടങ്ങുകള്‍ നടന്നു. മണ്ഡലകാല ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി 11 ന് നട അടക്കും. ഇന്ന് പുലര്‍ച്ചെ മൂന്നിന് ശബരിമല നട തുറന്നപ്പോള്‍ സന്നിധാനത്ത് വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. തുടര്‍ന്ന് നെയ്യഭിഷേകം നടന്നു. അതിനു ശേഷം മണ്ഡലപൂജയ്ക്കായി ശുദ്ധിക്രിയകള്‍ നടന്നു. അതിനു ശേഷം പൂജാ ചടങ്ങുകള്‍ ആരംഭിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നബൂതിരി എന്നിവര്‍ ശ്രീകോവിലിനു മുന്നില്‍ നമസ്കരിച്ചു. തുടര്‍ന്ന് ശ്രീകോവിലിനുള്ളില്‍ പൂജകള്‍ ആരംഭിച്ചു. ആറന്‍മുളയില്‍ നിന്നും കൊണ്ടുവന്ന തങ്കയങ്കി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി പൂജകള്‍ പൂര്‍ത്തിയാക്കി. തിരുനട തുറന്നപ്പോള്‍ ഭക്തരുടെ കൂട്ടശരണം വിളികള്‍ക്കിടയില്‍ സന്നിധാനം ഭക്തിസാന്ദ്രമായി.  മണ്ഡലകാലത്തിന്‍റെ സമാപന ദിവസത്തെ ഉച്ചപൂജയാണ് മണ്ഡലപൂജ. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ഉള്‍പ്പടെ നിരവധി പേര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു. മണ്ഡലകാല പൂജകള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി 11 ന് ഹരിവരാസനം പാടി നട അടക്കും. ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 ന് വീണ്ടും നട തുറക്കും.

Post A Comment: