സംഘടനയെ ദുരൂപയോഗം ചെയ്തു പണമുണ്ടാക്കുന്നുവെന്നാരോപിച്ചു ഹിന്ദു യുവ വാഹിനി ലക്നൗ മഹാനഗര്‍ യൂണിറ്റ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി നേരത്തെ പിരിച്ചുവിട്ടിരുന്നു


ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവ വാഹിനി സംഘടനയില്‍ നിന്ന് അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് 2500 പ്രവര്‍ത്തകര്‍ രാജി വച്ചെന്ന് റിപ്പോര്‍ട്ട്. ഉന്നത നേതാക്കളുടെ പിടിപ്പുകേടും, സംസ്ഥാന സെക്രട്ടറി പങ്കജ് മിശ്രയ്ക്കെതിരെയുള്ള അഴിമതിയാരോപണങ്ങളുമാണു പ്രവര്‍ത്തകര്‍ സംഘടനയില്‍നിന്നു കൂട്ടരാജി വെക്കാന്‍ കാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവര്‍ത്തകര്‍ സംഘടനയെ ദുരൂപയോഗം ചെയ്തു പണമുണ്ടാക്കുന്നുവെന്നാരോപിച്ചു ഹിന്ദു യുവ വാഹിനി ലക്നൗ മഹാനഗര്‍ യൂണിറ്റ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി നേരത്തെ പിരിച്ചുവിട്ടിരുന്നു.
ഇതിനു പിന്നാലെയാണു ലക്നൗ മേഖലയുടെ സെക്രട്ടറിയായിരുന്ന ആകാശ് സിങ്, വൈസ് പ്രസിഡന്റ് രാം കൃഷ്ണ ദ്വിവേദി തുടങ്ങിയ നേതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തു രാജി പ്രഖ്യാപനം നടത്തിയത്. മാത്രമല്ല, പങ്കജ് സിങ് സര്‍ക്കാരില്‍നിന്നു നേടിയെടുത്ത കരാറുകളെക്കുറിച്ചും അദ്ദേഹത്തിന്‍റെ സ്വത്തിനെക്കുറിച്ചും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിക്കണമെന്നു പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പങ്കജ് സിങ്ങിനെ പോലുള്ള മുതിര്‍ന്ന നേതാക്കളുടെ നിലപാടുകളില്‍ മനംമടുത്താണു 2500ഓളം പ്രവര്‍ത്തകര്‍ രാജി പ്രഖ്യാപിച്ചതെന്നു സംഘടനയുടെ ലക്നൗവിലെ നേതാക്കളിലൊരാളായ അനുഭവ് ശുക്ല വ്യക്തമാക്കി.
ഇ ടെന്‍ഡറിങ് നടപടികളൊന്നും ഇല്ലാതെ സംഘടനയുടെ പേരുപയോഗിച്ചു പങ്കജ് സിങ് സര്‍ക്കാരില്‍നിന്നു ചുളുവില്‍ കരാറുകള്‍ തട്ടിയെടുക്കുകയാണെന്നാണു പ്രവര്‍ത്തകരുടെ പ്രധാന ആരോപണം. പങ്കജ് സിങ്ങിനെതിരെ നടപടിയില്ലെങ്കില്‍ അടുത്ത ആഴ്ച താനുള്‍പ്പെടെ 10,000 പ്രവര്‍ത്തകര്‍ കൂടി രാജി പ്രഖ്യാപിക്കുമെന്നും ശുക്ല ഭീഷണി മുഴക്കി. അതേസമയം, സംഘടനയുടെ ലക്നൗ ഘടകത്തിനെതിരെ വിമര്‍ശനവുമായി പങ്കജ് സിങ്ങും രംഗത്തെത്തിയിട്ടുണ്ട്. ലക്നൗ ഘടകത്തിലെ നേതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതിലും മറ്റും അകാരണമായി ഇടപെടുന്നെന്നാണു പങ്കജിന്‍റെ ആരോപണം.

ഇതേത്തുടര്‍ന്നാണു ലക്നൗ യൂണിറ്റ് പിരിച്ചുവിട്ടത്. അതിന്‍റെ മറുപടിയായാണു പ്രവര്‍ത്തകര്‍ തനിക്കെതിരെ അഴിമതിയാരോപണം നടത്തുന്നതെന്നാണ് പങ്കജ് സിങ്ങിന്‍റെ വാദം.

Post A Comment: