പൊഴിയൂരില്‍ നിന്ന് കാണാതായ 45 മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്നാണ് സമരക്കാരുടെ ആവശ്യം.തിരുവനന്തപുരം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി അധികൃതര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ സംതൃപ്തിയില്ലെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് ഡോ. എം. സൂസേപാക്യം. സമരം ചെയ്യാനുള്ള അവസരമല്ലിത്. എന്നാല്‍, മത്സ്യത്തൊഴിലാളിലുടെ വികാരമാണ് സമരത്തിലൂടെ പ്രകടിപ്പിക്കുന്നത്. കാണാതായവരെ കണ്ടെത്താന്‍ അടിയന്തര നടപടി വേണമെന്നും സൂസേപാക്യം ആവശ്യപ്പെട്ടു.
ആവശ്യമായ മുന്‍കരുതല്‍ നല്‍കാത്തത് ആരുടെ പിഴവാണെന്ന് തങ്ങള്‍ക്ക് കണ്ടുപിടിക്കാന്‍ സാധിക്കില്ല. അതിന് ശ്രമിക്കുന്നുമില്ല. മുന്നറിയിപ്പുകള്‍ കൃത്യ സമയത്ത് കിട്ടിയില്ലെന്ന വേദനയുണ്ട്. മരിച്ച മത്സ്യത്തൊഴിലാളികളെ അടക്കം ചെയ്യാന്‍ സാധിച്ചെന്ന് കുടുംബങ്ങള്‍ക്ക് ആശ്വസിക്കാം. എന്നാല്‍, കാണാതായവരുടെ വേദനയിലാണ് അതാത് കുടുംബങ്ങള്‍. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ ആശ്വസിപ്പിക്കുക. അവര്‍ക്ക് വേണ്ട സഹായം ചെയ്യുക എന്നിവയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും സൂസേപാക്യം വ്യക്തമാക്കി. വിഷയത്തില്‍ എല്ലാവരും ഒത്തൊരുമിച്ച്‌ നില്‍ക്കണം. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കേണ്ട കാര്യങ്ങള്‍ ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. ഇക്കാര്യങ്ങളിലാണ് ചര്‍ച്ചകളും നടപടികളും വേണ്ടതെന്നും സൂസേപാക്യം ആവശ്യപ്പെട്ടു. അതേസമയം, നെയ്യാറ്റിന്‍കരയില്‍ മത്സ്യത്തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചു. പൊഴിയൂരില്‍ നിന്ന് കാണാതായ 45 മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്നാണ് സമരക്കാരുടെ ആവശ്യം.

Post A Comment: