ഉത്തരകൊറിയന്‍ ഭരണകൂടം ഉപഗ്രഹം വിക്ഷേപണം നടത്താന്‍ ഒരുങ്ങുന്നുവെന്ന് സിയോള്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

സിയോള്‍ : ഐക്യരാഷ്ട്ര സഭയുടെ ഉപരോധങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ഉത്തര കൊറിയ ഉപഗ്രഹ വിക്ഷേപണം നടത്താനൊരുങ്ങുന്നു. ആണവ പരീക്ഷണങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ആണവ ശക്തിയായ ഉത്തരകൊറിയന്‍ ഭരണകൂടം ഉപഗ്രഹം വിക്ഷേപണം നടത്താന്‍ ഒരുങ്ങുന്നുവെന്ന് സിയോള്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ , ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിക്ഷേപണങ്ങള്‍ നടത്തുന്നതിന് ഉത്തരകൊറിയയ്ക്ക് ഐക്യരാഷ്ട്ര സഭ നിലവില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഉത്തരകൊറിയ പുതിയ പരീക്ഷണം നടത്തുകയാണെങ്കില്‍ അത് ലോകരാജ്യങ്ങള്‍ക്കും , ഐക്യരാഷ്ട്ര സഭയ്ക്കും നല്‍കുന്ന മുന്നറിയിപ്പാണ്. ഉത്തര കൊറിയ പുതിയ ഉപഗ്രഹം ക്വങ്ങ്ഗാങ്സോങ് - 5 പൂര്‍ത്തിയാക്കിയതായി ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചുവെന്ന് ദക്ഷിണകൊറിയ ഗവണ്‍മെന്റ് സ്രോതസ്സിനെ ഉദ്ധരിച്ച്‌ ജോമോംഗ് ആങ്ബോ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ക്യാമറകള്‍, ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ഉപഗ്രഹമാണ് ഉത്തരകൊറിയ തയാറാക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 ഫെബ്രുവരിയിലാണ് അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് പ്യോങ്യാങ് ക്വങ്ങ്ഗാങ്സോങ് - 4 ഉപഗ്രഹം വിക്ഷേപിച്ചത്. ഉത്തരകൊറിയ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണം ഉള്‍പ്പെടെയുള്ള പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോയെന്ന് സിയോള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ദക്ഷിണ കൊറിയന്‍ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് വക്താവ് പറഞ്ഞു. ഉത്തരകൊറിയ അടുത്തിടെ തന്നെ പര്യവേക്ഷണ ഉപഗ്രഹവും ഒരു ആശയവിനിമയ ഉപഗ്രഹവും പരീക്ഷിക്കുമെന്ന് നേരത്തെ റഷ്യന്‍ സൈനിക വിദഗ്ദ്ധന്‍ വ്യക്തമാക്കിയിരുന്നു.
അമേരിക്ക കൊണ്ടുവന്ന സമാധാന പ്രമേയം പാസാക്കിക്കൊണ്ടാണ് തുടര്‍ച്ചയായി ആണവപരീക്ഷണങ്ങള്‍ നടത്തി ലോകത്തെ ഭീതിയിലാഴ്ത്തുന്ന ഉത്തരകൊറിയ്ക്ക് ഐക്യരാഷ്ട്രസഭ ഉപരോധം ഏര്‍പ്പെടുത്തിയത്. അടുത്തിടെ കിം ജോങ് ഉന്‍ നടത്തിയ അനധികൃത ബാലസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെയാണ് അമേരിക്ക സമാധാന പ്രമേയം കൊണ്ടുവന്നത്. രാജ്യം ഏറ്റവും വലിയ ആണവ ശക്തിയാണെന്നും, ആര്‍ക്കും ഞങ്ങളെ തോല്‍പിക്കാന്‍ കഴിയില്ലെന്നും ബാലസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് ശേഷം കിം ജോങ് ഉന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.


Post A Comment: