മനസ്സില്‍ കാത്തുവച്ച കുന്നോളം സ്വപ്നങ്ങള്‍ ബാക്കിയാക്കി അമ്മയും മകനും യാത്രയായി


വടകര: മനസ്സില്‍ കാത്തുവച്ച കുന്നോളം സ്വപ്നങ്ങള്‍ ബാക്കിയാക്കി അമ്മയും മകനും യാത്രയായി.  ഇന്നലെ പുലര്‍ച്ചെ പെരിങ്ങത്തൂര്‍ പാലത്തില്‍ നിന്നും ബസ് പുഴയിലേക്ക് വീണുണ്ടായ അപകടത്തില്‍ നഷ്ടമായത് ഒരു അമ്മയുടേയും മകന്‍റെയും സ്വപ്നങ്ങളാണ്‌. ബംഗളൂര്‍ ദസ്റഹള്ളിയില്‍ താമസക്കാരനായ കൂത്തുപറമ്പ് സ്വദേശിയായ പ്രജീത്ത് പയ്യന്നൂരിലെ അടുത്ത സുഹൃത്തിന്‍റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു നാട്ടിലേക്ക് പുറപ്പെട്ടത്. പ്രജിത്തിന്‍റെ വിവാഹ അന്വേഷണങ്ങള്‍ പുരോഗമിക്കവെയായിരുന്നു നാട്ടിലേക്കുള്ള യാത്ര. നാട്ടിലേക്കാണെന്ന് അറിഞ്ഞപ്പോള്‍ അമ്മ ഹേമലതയും പ്രജീത്തിനൊപ്പം പുറപ്പെട്ടു. ബംഗളൂരൂവില്‍ നിന്നും കൂത്തുപറമ്പ്, പാനൂര്‍ വഴി പാറക്കടവില്‍ ആളെ ഇറക്കിയതിന് ശേഷം തലശ്ശേരിയിലേക്ക് പോകുകയായിരുന്ന ബസ്സാണ് നിര്‍ഭാഗ്യവശാല്‍ പുഴയിലേക്ക് മറിഞ്ഞത്. മരണക്കയത്തിലേക്ക് ബസ് മറിയുമ്പോള്‍ യാത്രക്കാരായി ബസ്സിലുണ്ടായിരുന്നത് അമ്മയും മകനും മാത്രമായിരുന്നു. ബസ് പുഴയിലേക്ക് വീണപ്പോള്‍ ഹേമലതയ്ക്കും മകന്‍ പ്രജീത്തിനും ക്ലീനര്‍ ബിജുവിനും ഒന്ന് ഉറക്കെ നിലവിളിക്കാന്‍ പോലും കഴിഞ്ഞില്ല. ഇതിനിടെ ഡ്രൈവര്‍ ദേവദാസ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാള്‍ തലശ്ശേരി ഇന്ദിരാഗന്ധി ആശുപത്രിയില്‍ ചികില്‍സയിലാണ്. മൂന്നു മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Post A Comment: