ലക്ഷദ്വീപില്‍ നിന്ന് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയ "ഓഖി' ചുഴലിക്കാറ്റ് കരുത്താര്‍ജ്ജിച്ച്‌ മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുന്നു.

തിരുവനന്തപുരം: ലക്ഷദ്വീപില്‍ നിന്ന് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയ "ഓഖി' ചുഴലിക്കാറ്റ് കരുത്താര്‍ജ്ജിച്ച്‌ മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുന്നു. ഓഖിയുടെ സാന്നിധ്യമുള്ളതിനാല്‍ കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മുംബൈ തീരത്തിന് 850 കിലോമീറ്റര്‍ അകലെ ഓഖി കൂടുതല്‍ കരുത്താര്‍ജ്ജിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ, കേരളത്തിനും ലക്ഷദ്വീപിനും പുറമെ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കേരളതീരത്ത് ഇന്നും കടലാക്രമണം രൂക്ഷമാകുമെന്ന് മുന്നറിയിപ്പുണ്ട്. കടലില്‍ വലിയ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയംചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് മരണം 29 ആയി ഉയര്‍ന്നു. ഞായറാഴ്ച 14 മൃതദേഹങ്ങളാണു കണ്ടെത്തിയത്. അതിനിടെ, 11 തിരുവനന്തപുരം സ്വദേശികളെ നാവികസേന രക്ഷിച്ചു. കല്‍പേനിയില്‍നിന്നുള്ള കപ്പല്‍ ഇവരുമായി 11.45ന് കൊച്ചിയില്‍ എത്തും. ഇനിയും 85 പേരെ രക്ഷപ്പെടുത്താനുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഓഖി ഒഴിഞ്ഞുപോയെങ്കിലും തീരദേശജനത ദുരിതത്തിലാണ്.

Post A Comment: