കമ്മ്യൂണിസ്റ്റ് ആചാര്യന്‍മാരുടെ ചകിരിയില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍ കൗതുകമുണര്‍ത്തുന്നു.


ചകിരിയും റബര്‍പാലുമാണ് ശില്‍പ്പ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്
കമ്മ്യൂണിസ്റ്റ് ആചാര്യന്‍മാരുടെ ചകിരിയില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍ കൗതുകമുണര്‍ത്തുന്നു. സിപിഐഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ കോട്ടയം നഗരത്തിലാണ് ചകിരി ശില്‍പ്പങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. പാമ്പാടി റെബ്കോ ഫാക്ടറിയിലെ തൊഴിലാളികളായ അനില്‍, ബിനോ എന്നിവരാണ് ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചത്. ദൂരകാഴ്ച്ചയില്‍ ലോഹ പ്രതിമകളാണെന്ന് തോന്നും. പക്ഷെ അടുത്തെത്തി തൊട്ടുനോക്കിയാല്‍ ഇവ ചകരിയില്‍ നിര്‍മ്മിച്ചതാണെന്ന് വ്യക്തം. കാറല്‍മാക്സ്, ഏഗല്‍സ്,ഇഎംഎസ്, ചെഗുവേര, പി കൃഷ്ണപിള്ള, എന്നിവരുടെ പ്രതിമകളാണ് ചകിരിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. കണ്ണടയും ചെവിയില്‍ ഇയര്‍ഫോണും കൈയില്‍ പുസ്തകവുമുള്ള ഇഎംഎസ് പ്രതിമ ആരെയും വിസ്മയിപ്പിക്കും. ചുരുട്ടിപ്പിടിച്ച കയ്യുമായി വിപ്ലവാഹ്വാനം നടത്തുന്ന ചെഗുവേരയുടെ ശില്‍പ്പം പ്രവര്‍ത്തകര്‍ക്ക് ആവേശം പകരും. മറ്റ് പ്രതിമകളും വിസ്മയ കാഴ്ച്ചകള്‍ തന്നെയാണ്.കല്ലിലും മണ്ണിലും ശില്‍പ്പം നിര്‍മ്മിക്കുന്നതിനേക്കാള്‍ ഏറെ പ്രയാസമാണ് ചകിരിയിലുള്ള നിര്‍മ്മാണമെന്ന് അനില്‍ പറയുന്നു. ചകിരിയും റബര്‍പാലുമാണ് ശില്‍പ്പ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ശില്‍പ്പിയായ ബിനോ വ്യക്തമാക്കി. കലാകാരന്‍മാര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നത് റബ്കോ എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി ഐസക്കാണ്. അദ്ദേഹം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ശില്‍പ്പ നിര്‍മ്മാണം. ചകിരിയിലെ ശില്‍പ്പ നിര്‍മ്മാണം വിജയിച്ചതോടെ പുതിയ പരീക്ഷണങ്ങള്‍ക്കൊരുങ്ങുകയാണ് ഈ മൂവര്‍ സംഘം.

Post A Comment: