മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനയ്ക്ക് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ മറുപടി നല്‍കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി.

ദില്ലി: കാശ്മീരിലെ ഷോപ്പിയാനില്‍ സാധാരണ പൗരന്‍മാരെ വധിച്ച പട്ടാളക്കാര്‍ക്കെതിരെ കേസെടുക്കാന്‍ പ്രതിരോധ മന്ത്രി അനുമതി നല്‍കിയെന്ന് കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനയ്ക്ക് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ മറുപടി നല്‍കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. അല്ലാത്ത പക്ഷം പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൈനിക നടപടിയില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സെെനിക ഉദ്യോഗസ്ഥനെതിരെ കൊലപാതകക്കുറ്റം ചുമത്തിയത് പ്രതിരോധ മന്ത്രിയുമായി ആശയവിനിമയം നടത്തിയതിനെ ശേഷമാണെന്ന് മെഹ്ബൂബ മുഫ്തി നിയമസഭയില്‍ അറിയിച്ചിരുന്നു. ഇങ്ങനെ അനുമതി നല്‍കിയോ എന്ന കാര്യത്തില്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കണമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം. 

ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രതിരോധമന്ത്രി വ്യക്തതവരുത്താത്തത് വളരെ ആശ്ചര്യത്തോടെയാണ് കാണുന്നത്. ഇപ്പോഴും തുടരുന്ന നിശബ്ദതയുടെ അര്‍ത്ഥം ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നാണോ മനസിലാക്കേണ്ടത്. അങ്ങനെയാണെങ്കില്‍ അത് ബി.ജെ.പിയുടെ നയങ്ങള്‍ക്കും ഇന്ത്യന്‍ പൗരന്‍മാരുടെ രാജ്യ സ്നേഹത്തിനും വികാരത്തിനും വിരുദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി രണ്ടിനകം വ്യക്തത വരുത്തിയില്ലെങ്കില്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും- സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു


സൈനികര്‍ക്കെതിരെ കേസെടുക്കുന്നത് അസംബന്ധമാണെന്നും കശ്മീര്‍ സര്‍ക്കാരിനെ പിരിച്ചുവിടുകയാണ് വേണ്ടതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ മെഹ്ബൂബ മുഫ്തി തയ്യാറായില്ലെങ്കില്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെെനിക ഉദ്യോഗസ്ഥനെതിരെ കൊലപാതകക്കുറ്റം ചുമത്തിയതില്‍ കാശ്മീരില്‍ പി.ഡി.പിയും ബി.ജെ.പിയും രണ്ട് തട്ടിലാണ്. സംസ്ഥാനത്തില്‍ പി.ഡി.പിയും ബി.ജെ.പിയും സഖ്യത്തിലാണ്. ശനിയാഴ്ച ഷോപ്പിയാനിലെ ഗാനോപോരയിലാണ് സെെന്യത്തിന്റെ വെടിയേറ്റ് രണ്ട് പേര്‍ മരിച്ചത്. സംഭവത്തില്‍ മേയര്‍ ആദിത്യയ്ക്കെതിരെ ജമ്മു കാശ്മീര്‍ പൊലീസ് കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Post A Comment: