കുപിതനായ യുവാവ് എടിഎം മെഷീന്‍ അടിച്ചു തകര്‍ത്തു. മെഷീനിന്റെ കംപ്യൂട്ടര്‍ സ്‌ക്രീനാണ് യുവാവിന്റെ രോഷത്തില്‍ തകര്‍ന്നത്.

കൊല്ലം: എടിഎം കൗണ്ടറില്‍ നിന്നും പണം ലഭിക്കാത്തതില്‍ കുപിതനായ യുവാവ് എടിഎം മെഷീന്‍ അടിച്ചു തകര്‍ത്തു. മെഷീനിന്റെ കംപ്യൂട്ടര്‍ സ്‌ക്രീനാണ് യുവാവിന്റെ രോഷത്തില്‍ തകര്‍ന്നത്. കടപ്പാക്കടയിലെ എസ്ബിഐ ബാങ്കിനോടു ചേര്‍ന്നുള്ള എടിഎം കൗണ്ടറിലെ കംപ്യൂട്ടറാണ് അടിച്ചു തകര്‍ത്തത്. ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പിന്നീടു ബാങ്ക് അധികൃതര്‍ പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു.
ഇന്നലെ രാവിലെയാണു സ്‌ക്രീന്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആളുകള്‍ ബാങ്ക് അധികൃതരെയും പോലീസിനെയും അറിയിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് എടിഎമ്മില്‍ പണമില്ലായിരുന്നെന്നു ബോധ്യപ്പെട്ടത്. കൗണ്ടറിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമിയെ കണ്ടെത്തി. കുണ്ടറ വെള്ളിമണ്‍ സ്വദേശിയാണു കൗണ്ടര്‍ തകര്‍ത്തതെന്നു വ്യക്തമായതോടെ ഇയാളെ ബാങ്ക് അധികൃതര്‍ വിളിച്ചു വരുത്തി.
പണമെടുക്കാന്‍ നോക്കിയിട്ടു കിട്ടാതിരുന്നപ്പോഴുണ്ടായ പ്രകോപനമാണു കൗണ്ടര്‍ തകര്‍ക്കാന്‍ കാരണമായതെന്ന് ഇയാള്‍ വിശദീകരിച്ചു. കേസുമായി പോയാല്‍ പുലിവാലാകുമെന്നു കണ്ടതോടെ കൗണ്ടര്‍ പുനഃസ്ഥാപിക്കാനുള്ള ചെലവു വഹിക്കാമെന്ന് ഇയാള്‍ സമ്മതിച്ചു. തുടര്‍ന്നു ബാങ്ക് അധികൃതര്‍ ഇയാളെയും കൂട്ടി ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി പരാതിയില്ലെന്ന് അറിയിക്കുകയായിരുന്നു.


Post A Comment: