നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ദുരന്തനിവാരണ നിധിയില്‍ നിന്നാണ് ഫണ്ടെടുത്തതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ തുക പാര്‍ട്ടി വഹിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി എകെ ബാലന്‍. നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ദുരന്തനിവാരണ നിധിയില്‍ നിന്നാണ് ഫണ്ടെടുത്തതെന്നും മന്ത്രി പറഞ്ഞു.
ഹെലികോപ്റ്റര്‍ യാത്രയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. തുക സര്‍ക്കാര്‍ ഫണ്ടില്‍നിന്നും കണ്ടെത്തും. സിഎംഡിആര്‍എഫ് ഫണ്ടിലാണ് ഓഖി ഫണ്ട് ഉള്‍പ്പെടുന്നത്. ഹെലികോപ്റ്ററിന്റെ വാടക കൊടുക്കുന്നതിന് ഓഖി ദുരിതാശ്വാസ ഫണ്ടില്‍നിന്നും പണം എടുത്തിട്ടില്ല.
ദുരന്ത നിവാരണ നിധിയില്‍നിന്നാണ് ഹെലികോപ്റ്റര്‍ യാത്രയ്ക്കുളള പണം എടുക്കുന്നത്. ഈ ഫണ്ടില്‍നിന്ന് 75 ശതമാനം കേന്ദ്രവിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണ്. സാധാരണ ഈ ഫണ്ടില്‍നിന്നാണ് ഇത്തരം കാര്യങ്ങള്‍ക്ക് പണം കണ്ടെത്താറുള്ളതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രത്തില്‍ നിന്നും എത്തിയ സംഘത്തെ അടിയന്തരമായി കാണാന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയാണ് വിവാദത്തില്‍ കലാശിച്ചിരിക്കുന്നത്. തൃശൂരിലെ സിപിഐഎം ജില്ലാ സമ്മേളന വേദിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ച്‌ തൃശൂരിലേക്കും നടത്തിയ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് ഓഖി ദുരിതാശ്വാസഫണ്ടില്‍ നിന്നും ഈടാക്കാന്‍ റവന്യൂ സെക്രട്ടി ഉത്തരവ് ഇറക്കുകയായിരുന്നു.
ഇത് വിവാദമായതോടെ ഉത്തരവ് അടിയന്തരമായി പിന്‍വലിച്ചു. ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്ന വാദവുമായി സര്‍ക്കാര്‍ രംഗത്തെത്തി. എന്നാല്‍ ഇത് കളവാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉത്തരവിന്റെ പകര്‍പ്പ് നല്‍കിയിരുന്നു. ഉത്തരവിന്റെ രണ്ടാമത്തെ പേജില്‍ പകര്‍പ്പ് ആര്‍ക്കൊക്കെ നല്‍കി എന്നത് വ്യക്തമാക്കുന്നുണ്ട്.


Post A Comment: