വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് അനില്‍രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു

ബംഗളുരു: കര്‍ണാടക ചിക്മംഗ്ലൂരില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ധന്യശ്രീ ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് അനില്‍രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലിങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ പെണ്‍കുട്ടി യുവമോര്‍ച്ചയുടെ ഭീഷണിയെത്തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്.
തനിക്ക് മുസ്ലിങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ് ധന്യശ്രീ അയച്ച വാട്ട്സാപ്പ് സന്ദേശമാണ് വിവാദമായത്. സന്ദേശം ശ്രദ്ധയില്‍പ്പെട്ട യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴി ധന്യശ്രീക്കെതിരെ പ്രചരണങ്ങള്‍ അഴിച്ചു വിടുകയും ചെയ്തു.
ധന്യശ്രീ എന്തിനാണ് തലയില്‍ തട്ടമിട്ട ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും മര്യാദയ്ക്ക് ചിത്രങ്ങള്‍ പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് ഭീണണിപ്പെടുത്തിയതായി ധന്യശ്രീയുടെ അമ്മ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
മകളെ അടക്കിനിര്‍ത്താനും അല്ലെങ്കില്‍ അനന്തര ഫലങ്ങള്‍ നേരിടാന്‍ തയ്യാറായിക്കൊള്ളാനുമായിരുന്നു യുവമോര്‍ച്ചയുടെ ഭീഷണി. ഫോണിലൂടെയും സോഷ്യല്‍മീഡിയയിലൂടെയുമുള്ള ഭീഷണികള്‍ക്ക് പുറമേ ഒരു സംഘമാളുകള്‍ വീട്ടിലെത്തിയും ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
ജനുവരി ആറിന് ധന്യശ്രീയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തനിക്ക് ഈ അപമാനം താങ്ങാന്‍ കഴിയാത്തതിനാല്‍ ജീവനൊടുക്കുകയാണെന്ന് എഴുതിവെച്ചിട്ടാണ് ധന്യശ്രീ ആത്മഹത്യ ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടക്കുകയാണന്നും താനൊരു മുസ്ലീം യുവാവുമായി പ്രണയത്തിലാണെന്ന രീതിയില്‍ സംഭവത്തെ വളച്ചൊടിക്കുകയാണെന്നും ആത്മഹത്യാക്കുറിപ്പില്‍ ധന്യശ്രീ പറയുന്നു.
പെണ്‍കുട്ടിയെ ആത്മഹത്യ സംഭവത്തില്‍ അനില്‍രാജിനു പുറമേ കൂടുതല്‍ യുവമോര്‍ച്ച, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.


Post A Comment: