സ്വന്തം അണികളെ പോലും വിശ്വാസ്യത്തില്‍ എടുക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടില്ല എന്ന സത്യം മറച്ചു പിടിക്കാന്‍ എത്ര ശ്രമിച്ചാലും നടക്കില്ല.

വിടി ബല്‍റാമിനു എതിരെ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന അക്രമങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് എംഎം ഹസ്സന്‍. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് എതിരെ മന്ത്രി എംഎം മണി നടത്തിയ പരാമര്‍ശം ഒരു മന്ത്രിക്ക് യോജിച്ചതല്ല. ഇത്തരം ഹീനമായ പരാമര്‍ശ്ശങ്ങള്‍ മുന്‍പും നടത്തിയിട്ടുള്ള മന്ത്രിയെ സ്വന്തം മന്ത്രിസഭയില്‍ ഇരുത്തിക്കൊണ്ടാണ് പിണറായി വിജയന്‍ ബലറാമിനെതിരെ വാളെടുക്കുന്നതെന്നും എംഎം ഹസ്സന്‍ പ്രതികരിച്ചു.
കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് എതിരെ സൈബര്‍ സഖാക്കന്മാര്‍ ഹീനമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച്‌ പറഞ്ഞപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ 'പോരാട്ടകാലങ്ങളിലെ പ്രണയം' എന്ന തലക്കെട്ടോടുകൂടി ദി ഹിന്ദു ദിനപത്രം 2001 ഡിസബര്‍ 20ന് പ്രസിദ്ധീകരിച്ച വാര്‍ത്തയും എകെജിയുടെ ആത്മകഥ 'എന്റെ ജീവിത കഥ'യിലെ സംഭവങ്ങളും ഉദ്ധരിച്ഛ് അദ്ദേഹം നടത്തിയ പരമാര്‍ശമാണ് ഈ വിവാദങ്ങള്‍ക്ക് ആധാരം എന്നു മനസിലാക്കുന്നു.
ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന എകെജി പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണ സമയത്ത് അതില്‍ ഭാഗമാവുകയും പിന്നീട് ഇന്ത്യ ആദരിക്കുന്ന രാഷ്ട്രീയ നേതാവാകുകയും ചെയ്തു. വി ടി ബലറാം നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നിലപാടല്ല. അതുമായി പാര്‍ട്ടിക്ക് യോജിക്കാനും കഴിയില്ല. ആ പരമാര്‍ശം അനുചിതമാണ് എന്ന് താന്‍ ബലറാമിനോട് ഫോണില്‍ പറഞ്ഞിരുന്നുവെന്നും എംഎം ഹസ്സന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വിടി ബലറാമിന്റെ ഓഫീസ്സ് ആക്രമിക്കുന്നത് പോലെയുള്ള കാര്യങ്ങളിലേക്ക് സഖാക്കള്‍ പോകുന്നത് സംഘപരിവാര്‍ അസഹിഷ്ണുതയെ ഓര്‍മ്മിപ്പിക്കും വിധമാണ്. ഇപ്പോള്‍ നടക്കുന്ന ഈ ചര്‍ച്ചകള്‍ കേരളത്തിലെ യഥാര്‍ത്ഥ വാര്‍ത്തകളെ വഴിതിരിച്ചുവിടുന്നതിന്റെ ഭാഗമായി നടക്കുന്നതാണ്.
സിപിഎം ജില്ലാ സമ്മേളങ്ങളില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണത്തെപറ്റി വളരെ നിശിതമായ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. സംസ്ഥാനത്തെ മന്ത്രിമാരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച്‌ നടക്കുന്ന ഈ സമ്മേളങ്ങളുടെ വാര്‍ത്തകള്‍ ഈ വിവാദം കൊണ്ട് ഒളിച്ചുപിടിക്കാനാണ് സി പി എം ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഈ വിഷയത്തെ പറ്റി സിപിഎമ്മിന്റെ എല്ലാ നേതാക്കളും പരസ്യപ്രസ്താവന നടത്തിയത്. സ്വന്തം അണികളെ പോലും വിശ്വാസ്യത്തില്‍ എടുക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടില്ല എന്ന സത്യം മറച്ചു പിടിക്കാന്‍ എത്ര ശ്രമിച്ചാലും നടക്കില്ല.


Post A Comment: