1600 സ്പൈക്ക് ടാങ്ക് വേധ മിസൈല്‍ ലോഞ്ചറുകള്‍ വാങ്ങാനായിരുന്നു പദ്ധതി

ദില്ലി: ഇസ്രായേലില്‍ നിന്ന് 500 മില്യന്‍ ഡോളറിന്റെ ടാങ്ക് വേധ മിസൈലുകള്‍ വാങ്ങാനുള്ള കരാര്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി റദ്ദാക്കി. ഇസ്രായേലിലെ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം കമ്പനിയില്‍ നിന്നും 1600 സ്പൈക്ക് ടാങ്ക് വേധ മിസൈല്‍ ലോഞ്ചറുകള്‍ വാങ്ങാനായിരുന്നു പദ്ധതി.കരാര്‍ റദ്ദാക്കുന്നത് സംബന്ധിച്ച്‌ കുറച്ച്‌ ദിവസം മുമ്ബ് തന്നെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിരുന്നെങ്കിലും ഇന്നാണ് ഇസ്രായേലിനെ അറിയിച്ചത്.
ഇന്ത്യയുമായുള്ള കരാര്‍ റദ്ദാക്കിയതില്‍ ഖേദമുണ്ടെന്നും എന്നാല്‍ ഭാവിയില്‍ ഇന്ത്യയ്ക്ക് അത്യാധുനിക ആയുധങ്ങള്‍ കൈമാറാന്‍ തങ്ങള്‍ എപ്പോഴും സജ്ജമാണെന്നും റാഫേല്‍ കമ്പനി പ്രതികരിച്ചു. 


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി ഇവ ഹൈദരാബാദിലെ കല്യാണ്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനായിരുന്നു കരാര്‍. ടാങ്ക് പോലുള്ള ചലിക്കുന്ന വസ്തുക്കളെ തകര്‍ക്കാനായി പ്രത്യേകം നിര്‍മിച്ചവയാണ് സ്പൈക്ക് മിസൈല്‍. വെടിവച്ച്‌ കഴിഞ്ഞാല്‍ സ്വയം ലക്ഷ്യസ്ഥാനം കണ്ടെത്തി പ്രഹരമേല്‍പ്പിക്കാന്‍ കഴിയുന്ന ഇവ ശത്രുവില്‍ നിന്നുള്ള പ്രത്യാക്രമണം ഏല്‍ക്കാതെ സൈനികര്‍ക്ക് രക്ഷപ്പെടാനും അവസരം നല്‍കുന്നവയാണ്. ഇതിനിടയിലാണ് സര്‍ക്കാര്‍ കമ്ബനിയായ ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍(ഡി.ആര്‍.ഡി.ഒ), നാല് വര്‍ഷത്തിനുള്ളില്‍ അത്യാധുനിക മിസൈല്‍വേധ മിസൈലുകള്‍ നിര്‍മിക്കാമെന്ന നിര്‍ദ്ദേശവുമായി മുന്നോട്ട് വരുന്നത്. ഇതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഇസ്രായേലുമായുള്ള കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
ഇന്ത്യയുടെ അത്യാധുനിക സൈനിക സംവിധാനങ്ങളെ കിലോ മീറ്ററുകള്‍ അകലെവച്ച്‌ ആക്രമിക്കാന്‍ ശേഷിയുള്ളവയാണ് ഇവ. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കൈവശമുള്ള ഫ്രഞ്ച് - ജര്‍മന്‍ നിര്‍മിത മിലാന്‍ 2ടി മിസൈലും, റഷ്യന്‍ നിര്‍മിത 9എം113 കോന്‍കുര്‍സ് മിസൈലുകളും രണ്ട് കിലോ മീറ്റര്‍ ദൂരപരിധിയുള്ളവയാണ്.

Post A Comment: