സംഭവുമായി ബന്ധപ്പെട്ട് ആറ് പേരെ വലപ്പാട് പോലീസും തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി

തൃപ്രയാര്‍: തൃപ്രയാറില്‍ വന്‍ കഞ്ചാവ് വേട്ട. 17 കിലോ കഞ്ചാവ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ആറ് പേരെ വലപ്പാട് പോലീസും തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. വാളയാര്‍ സ്വദേശി വടിവേല്‍ (കഞ്ചാവ് രാജ), പഴുവില്‍ വെസ്റ്റ് പുഴങ്കരയില്ലത്ത് വീട്ടില്‍ ഷാഫി (മൗസ്‌ബ്രോ), പഴുവില്‍ വെസ്റ്റ് ചെമ്മാനി വീട്ടില്‍ വിപിന്‍, മാങ്ങാട്ടുകര പടിയം സ്വദേശി പള്ളിയില്‍ വീട്ടില്‍ അഖില്‍, മാങ്ങാട്ടുകര വഴിയമ്പലം ഏങ്ങടി വീട്ടില്‍ നിഖില്‍, പഴുവില്‍ വെസ്റ്റ് പട്ടാലി വീട്ടില്‍ ഹരികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. തൃപ്രയാര്‍ ടി.എസ്.ജി.എ സ്‌റ്റേഡിയം പരിസരത്ത് വെച്ചാണ് പ്രതികള്‍ പിടിയിലാകുന്നത്. ആന്ധ്രാ, തമിഴ്‌നാട്, പൊള്ളാച്ചി, പഴനി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികള്‍ ബസ് മാര്‍ഗം കഞ്ചാവ് എത്തിക്കുന്നത്. ഒന്നാംപ്രതി വടിവേല്‍ കേരളത്തിലേക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതിലെ പ്രധാനിയാണ്. രണ്ടാം പ്രതിയായ ഷാഫി കഞ്ചാവ് കടത്തുന്നതിലെ മുഖ്യകണ്ണിയാണ്. തൃശൂര്‍, എറണാകുളം ജില്ലകളിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത് ഷാഫിയാണ്. പോലീസിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കളമശേരിയിലെ ഒരു വാടക വീട്ടിലാണ് ഷാഫി ഇപ്പോള്‍ താമസിക്കുന്നത്. ഷാഫി അന്തിക്കാട് പോലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളും, തമിഴ്‌നാട്ടില്‍ കഞ്ചാവ് കേസിലും പ്രതിയാണ്. വിപിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

Post A Comment: