താന്‍ പറഞ്ഞത് ബിജെപിയെയും ആര്‍എസ്‌എസിനെയും കുറിച്ച്‌ മാത്രമാണെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി

കര്‍ണാടക: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാവുന്നു. നേരത്തെ ബിജെപിയും ആര്‍എസ്‌എസും ഹിന്ദുത്വ തീവ്രവാദികളാണെന്ന പ്രസ്താവനയില്‍ കൂടുതല്‍ വ്യക്തത വരുത്താനായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ രംഗത്തെത്തിയത്. താന്‍ പറഞ്ഞത് ബിജെപിയെയും ആര്‍എസ്‌എസിനെയും കുറിച്ച്‌ മാത്രമാണെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
അതേസമയം അദ്ദേഹത്തിനെതിരേ ബിജെപി രൂക്ഷ വിമര്‍ശമുന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ്താവന ഹിന്ദുക്കളെ വെറുക്കുന്നുവെന്നതിന് ഉദാഹരണമാണെന്ന് ബിജെപി നേതാവ് സംപീത് പാത്ര പറഞ്ഞു. ഇതിന് മറുപടിയുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു രംഗത്തെത്തി. ബിജെപിയുടെ ഹിന്ദുത്വ അജണ്ട ഫാസിസത്തിന് തുല്യമാണ്. ഇവരേക്കാള്‍ ഹിന്ദു മതത്തെ ഇഷ്ടപ്പെടുന്നവരാണ് രാജ്യത്തെ ജനങ്ങള്‍ എന്ന് ദിനേഷ് വ്യക്തമാക്കി.
അതേസമയം തീവ്രവാദ പരാമര്‍ശം തിരിച്ചടിയാവുമെന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ അഴിമതികളും അക്രമങ്ങളും പ്രചാരണ ആയുധമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഹിന്ദുത്വ ഭീകരവാദം ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന രീതിയിലും പ്രചാരണമുണ്ടാകും.
ബിജെപിയുടെ വിവാദ എം പി ശോഭ കരന്‍ത്ലജെ സിദ്ധരാമയ്യക്കെതിരേ വിവാദ പ്രസ്താവകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെ കൊലപാതകം കോണ്‍ഗ്രസ് വളര്‍ത്തിയ ഭീകരവാദ സംഘടനകളെ തുടര്‍ന്നുണ്ടായതാണെന്നാണ് അവരുടെ പ്രസ്താവന. ശോഭ തീവ്രവാദിയാണെന്നാണ് കോണ്‍ഗ്രസ് മറുപടി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും സിദ്ധരാമയ്യയെയും കോണ്‍ഗ്രസിനെയും കര്‍ണാടകയില്‍ നടന്ന റാലിയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ മുന്‍ മുഖ്യമന്ത്രിയും കരുത്തുറ്റ നേതാവുമായി യെദ്യൂരപ്പയ്ക്കെതിരായ അഴിമതി ആരോപണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സജീവമാക്കി ഭരണം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുക. അതോടൊപ്പം നിരവധി ജനക്ഷേമ പദ്ധതികളും സിദ്ധരാമയ്യ പ്രഖ്യാപിച്ചിട്ടുണ്ട്.

Post A Comment: