ഇടതുമുന്നണി പ്രവേശനത്തിന് ജെഡിയു ഉപാധികളൊന്നും മുന്നോട്ടുവച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു

തിരുവനന്തപുരം: യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലേക്ക് വരാനുള്ള ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം സ്വാഗതം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് വിടാനുള്ള ജെഡിയു തീരുമാനം സ്വാഗതാര്‍മാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് ചേര്‍ന്ന ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് പോകാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
ഇടതുമുന്നണി പ്രവേശനത്തിന് ജെഡിയു ഉപാധികളൊന്നും മുന്നോട്ടുവച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. ജെഡിയുവിനായി മുന്നണിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. നേരത്തെ തന്നെ കേരളാ കോണ്‍ഗ്രസ് യുഡിഎഫ് മുന്നണി വിട്ടുപോയി. ഇപ്പോള്‍ ജെഡിയും വിടുന്നു. യുഡിഎഫ് ശിഥിലമാകുന്നുവെന്ന സൂചനയാണ് ജെഡിയുവിന്റെ എല്‍ഡിഎഫിലേക്ക് വരാനുള്ള തീരുമാനം വ്യക്തമാക്കുന്നതന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
ജെഡിയു യോഗത്തില്‍ ഇടതുമുന്നണിയിലേക്ക് പോകാനുള്ള തീരുമാനം ഏകകണ്ഠമായാണ് കൈകൊണ്ടതെന്നും നയപരമായ പ്രഖ്യാപനം നാളത്തെ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലുണ്ടാകുമെന്നും യോഗത്തിന് ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫിനൊപ്പം ചേരാമെന്ന തീരുമാനത്തെ 14 ജില്ലാ പ്രസിഡന്റുമാരും അനുകൂലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.


Post A Comment: