ഇടുങ്ങിയ ബസ്‌ സ്റ്റാന്റ് കവാടത്തിനോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് വലിയ അപകട ഭീഷിണിയാണ് ഉയര്‍ത്തുന്നത്.

കുന്നംകുളം: അനധികൃത പാര്‍ക്കിങ്ങിനെതിരായ പോലീസ് നടപടിയോട് ഒരു വിഭാഗത്തിന് പുല്ലു വില. ഇരുചക്ര വാഹനങ്ങള്‍ ബസ്‌ സ്റ്റാന്റിനകത്ത് പാര്‍ക്ക്‌ ചെയ്യുന്നത് പതിവാകുന്നു.  സ്വതവേ ഇടുങ്ങിയ ബസ്‌ സ്റ്റാന്റ് കവാടത്തിനോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് വലിയ അപകട ഭീഷിണിയാണ് ഉയര്‍ത്തുന്നത്.
 വടക്കാഞ്ചേരി റോഡിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ പോലീസ് നടപടി ശക്തമാക്കിയതിനെ തുടര്‍ന്നാണ് സുരക്ഷിത താവളമെന്ന നിലയില്‍ ഒരു വിഭാഗം ആളുകള്‍ ബസ്‌ സ്റ്റാന്റിനുള്ളിലേക്ക് പാര്‍ക്കിംഗ് മാറ്റിയിരിക്കുന്നത്. പുറമേ നിന്നുള്ള പരിശോധനകളില്‍ പെട്ടെന്ന് കണ്ടെത്താനാകില്ല എന്നതാണ് സ്റ്റാന്റിനകത്ത് പാര്‍ക്ക് ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. തൊട്ടടുത്ത്‌ തന്നെയുള്ള വടക്കാഞ്ചേരി റോഡില്‍ പോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പരിശോധന നടത്തിയപ്പോഴും ഇവിടെ പരിശോധനകള്‍ നടന്നിരുന്നില്ല. ദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന അതിരാവിലെ യാത്രചെയ്യുന്നവരാണ് കൂടുതലും ഇത്തരത്തില്‍ പാര്‍ക്കിംഗ് നടത്തുന്നത്.

ഇതിനിടെ പോലീസ് നടപടി വടക്കാഞ്ചേരി റോഡിലെ ഗതാഗതം കൂടുതല്‍ സുഖകരമായതായി യാത്രക്കാര്‍ പറയുന്നു. ഒരു പരിധി വരെ അനധികൃത പാര്‍ക്കിംഗ് അവസാനിപ്പിക്കാന്‍ ആയെങ്കിലും ചിലര്‍ ഇപ്പോഴും നിയമ ലംഘനം തുടരുന്നുണ്ട്. പാര്‍ക്കിംഗ് അവസാനിപ്പിച്ച ഇടങ്ങളില്‍ സമീപത്തെ കടയുടമകള്‍ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് പടികള്‍ നീക്കം ചെയ്യിക്കാന്‍ പോലീസ് നടപടിയെടുത്തിട്ടില്ല. ഇവ കൂടി മാറ്റിയാല്‍ മാത്രമേ റോഡിന്റെ മുഴുവന്‍ ഭാഗവും വാഹന ഗതാഗതത്തിനായി ഉപയോഗിക്കാനാകുകയുള്ളൂ.   

Post A Comment: