കഴിഞ്ഞ ദിവസങ്ങളില്‍ ബണ്ടിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ കുളങ്ങളില്‍ മീനുകള്‍ ചത്ത്‌ പൊങ്ങിയിരുന്നു

കുന്നംകുളം: തിരുത്തിക്കാട് ബണ്ടിലേക്കുള്ള പമ്പിംഗ് മൂലം പ്രദേശത്തെ കിണറുകളും കുളങ്ങളും മലിനമായിട്ടും നടപടിയില്ലെന്നാരോപിച്ച്‌ നഗരസഭാ കൌണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം.  മലിനമായ കുടിവെള്ള സ്രോതസുകളിലെ വെള്ളവുവായി യോഗത്തിനെത്തിയ കോണ്‍ഗ്രസ് കൌണ്‍സിലര്‍മാരാണ് പ്രതിഷേധം തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ബണ്ടിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ കുളങ്ങളില്‍ മീനുകള്‍ ചത്ത്‌ പൊങ്ങിയിരുന്നു. തുടര്‍ന്നും നഗരസഭ അടിയന്തിര നടപടികള്‍ എടുത്തില്ലെന്ന് ബിജു സി ബേബി ആരോപിച്ചു. കുന്നംകുളം മീന്‍ മാര്‍ക്കറ്റില്‍ നിന്നൊഴുക്കി വിടുന്ന അമോണിയ പോലുള്ള മാലിന്യങ്ങളും, ബണ്ടിനു  സമീപമുള്ള സ്ഥാപനങ്ങളിലെ മാലിന്യങ്ങളും കൂടിച്ചേര്‍ന്നാണ് ബണ്ടിലെ വെള്ളം മലിനമാകുന്നതെന്നും ഉടന്‍ ഇവ നിര്‍ത്തിവെക്കാന്‍ നടപടിയെടുക്കുമെന്നും ഭരണസമിതി അറിയിച്ചെങ്കിലും അടിയന്തിര പ്രമേയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപോയി. ബണ്ടിലെ നെല്‍കൃഷിയുടെ അളവിലുണ്ടായ കുറവാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പ്രശ്ന പരിഹാരത്തിനായി വ്യാഴാഴ്ച ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും യോഗം ചേരാനും  യോഗത്തില്‍  തീരുമാനമായി. റിപ്പബ്ലിക് ദിന പരേഡില്‍ ഒന്നാം സ്ഥാനം നഷ്ടമായതില്‍ പ്രതിഷേധിച്ച് നഗരസഭ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ കീറി വേദിയിലെറിഞ്ഞ പഴഞ്ഞി എം ഡി കോളേജിലെ എന്‍സിസി കാഡറ്റുകള്‍ക്കെതിരെ എന്‍സിസി ജില്ലാ സംസ്ഥാനതലത്തില്‍ പരാതി നല്‍കാനും തീരുമാനമായി. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, കെ എ അസീസ്‌, കെ കെ മുരളി, പി ഐ തോമസ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

Post A Comment: