ചരിത്രത്തെ വളച്ചൊടിക്കരുതെന്നും, നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യത്തിന്റെ സവിശേഷതയെ ബഹുമാനിക്കണമെന്നും മമത

കൊല്‍ക്കത്ത: രാജ്യത്ത് അസഹിഷ്ണുത കൂടി വരികയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചരിത്രത്തെ വളച്ചൊടിക്കരുതെന്നും, നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യത്തിന്റെ സവിശേഷതയെ ബഹുമാനിക്കണമെന്നും മമത ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്ത സര്‍വകലാശാലയുടെ ഡിലിറ്റ് ബഹുമതി ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു മമത.
അതേസമയം, മമതയെ ഡിലിറ്റ് നല്‍കി ആദരിക്കുന്നതിനെതിരെ സര്‍വകലാശാലയില്‍ പ്രൊഫസറായിരുന്ന രഞ്ജുഗോപാല്‍ മുഖര്‍ജി കോടതിയെ സമീപിച്ചിട്ടുണ്ട്. മമതയ്ക്ക് പുരസ്കാരം ലഭിക്കാന്‍ അര്‍ഹതയില്ലെന്ന വാദവുമായി പൊതുതാല്‍പര്യ ഹര്‍ജിയാണ് അദ്ദേഹം സമര്‍പ്പിച്ചിരിക്കുന്നത്. മമതയുടെ അയോഗ്യതകള്‍ എന്തെല്ലാമാണെന്ന് കേസ് പരിഗണിക്കുമ്പോള്‍ കോടതിയെ ധരിപ്പിക്കുമെന്നും പ്രൊഫസറുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
എന്നാല്‍, ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്നാണ് സര്‍ക്കാരിന്റെ വാദം. വ്യക്തഹത്യയല്ലാതെ ഹര്‍ജിയില്‍ കഴമ്പില്ലെന്നും എ ജി കിഷോര്‍ ദത്ത വ്യക്തമാക്കി.


Post A Comment: