ലാലിഗയില്‍ റയല്‍ സോസിഡാഡിനെതിരെ തകര്‍പ്പനൊരു ഫ്രീകിക്കിലൂടെയാണ് മെസി മുള്ളറുടെ റെക്കോഡ് വീഴ്ത്തിയത്

ബാഴ്സലോണ: സീസണില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന മെസിക്കുമുന്നില്‍ കാല്‍പ്പന്തിലെ റെക്കോഡുകള്‍ ഓരോന്നായി വീഴുകയാണ്. ഒടുവില്‍ യൂറോപ്പിലെ ഒരു ക്ലബ്ബിനുവേണ്ടി ഏറ്റവും കൂടുല്‍ ഗോള്‍ നേടുന്ന കളിക്കാരനെന്ന ജര്‍മന്‍ ഇതിഹാസതാരം ഗെഡ് മുള്ളറുടെ അനശ്വരമെന്ന് കരുതിയ റെക്കോഡും വീണിരിക്കുന്നു.
കഴിഞ്ഞ ദിവസം ലാലിഗയില്‍ റയല്‍ സോസിഡാഡിനെതിരെ തകര്‍പ്പനൊരു ഫ്രീകിക്കിലൂടെയാണ് മെസി മുള്ളറുടെ റെക്കോഡ് വീഴ്ത്തിയത്. ബാഴ്സലോണയ്ക്കുവേണ്ടി 2004 മുതല്‍ കളിച്ചുതുടങ്ങിയ മെസി 401 മത്സരങ്ങളിലൂടെ 366 ഗോളുകളാണ് നേടിയത്. കഴിഞ്ഞ വാരം ലാലിഗയില്‍ ലെവന്റേയ്ക്കെതിരെ പന്ത്രണ്ടാം മിനിറ്റില്‍ ഗോള്‍ നേടിക്കൊണ്ട് മെസി മുള്ളറുടെ റെക്കോഡിനൊപ്പമെത്തിയിരുന്നു.
ലാലിഗയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ (366) നേടിയ താരവും, ഒരു ലാലിഗ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന (2011-12 സീസണില്‍ 50 ഗോള്‍) താരവും മെസിയാണ്. ഇത് കൂടാതെ എല്‍ ക്ലാസിക്കോയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ (26) നേടിയതിന്റെ റെക്കോഡും, ബാഴ്സലോണയക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ (564) നേടിയ റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്. മറഡോണ, ക്രസ്പോ, കനീജിയ, മരിയോ കെമ്ബസ് എന്നീ ഇതിഹാസ തരങ്ങള്‍ കളിച്ചുപോയ അര്‍ജ്ജന്റീനയ്ക്കുവേണ്ടിയും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയിട്ടുള്ളത് മെസി തന്നെയാണ്. 2022-വരെ ബാഴ്സലോണയുമായി കരാറുള്ള മെസിക്ക് മുന്നില്‍ ഇനി റെക്കോഡുകള്‍ ഉണ്ടാകില്ല.

എഴുപതുകളിലെ മെസിയായിരുന്നു ജര്‍മന്‍ താരമായിരുന്ന ഗെഡ്മുള്ളര്‍. 'ബോംബര്‍' എന്നാണ് ആരാധകരും മാധ്യമങ്ങളും അദ്ദേഹത്തെ വാഴ്ത്തിയിരുന്നത്. 1964 മുതല്‍ 1978 വരെ 15 വര്‍ഷക്കാലം ബയേണ്‍ മ്യൂണിക്കിനുവേണ്ടി ബൂട്ടുകെട്ടിയ മുള്ളര്‍ 421 മത്സരങ്ങളില്‍ നിന്നാണ് 365 ഗോളുകള്‍ നേടിയത്. മെസിക്ക് ഗോളെണ്ണത്തില്‍ മുള്ളറെ മറികടക്കാന്‍ ഇത്രയും മത്സരങ്ങള്‍ കളിക്കേണ്ടിവന്നില്ല എന്നൊരു പ്രത്യേകതയും കൂടിയുണ്ട്.
1966 മുതല്‍ 74 വരെ ജര്‍മനിക്കുവേണ്ടി 61 മത്സരങ്ങള്‍ കളിച്ച മുള്ളര്‍ 68 ഗോള്‍ രാജ്യത്തിനുവേണ്ടി നേടിയിട്ടുണ്ട്. 1970-ലെ ബാലന്‍ ഡി ഓര്‍ പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്. 70-ലെ ലോകകപ്പില്‍ 10 ഗോള്‍ നേടി ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കി. 74-ലെ ലോകകപ്പില്‍ രണ്ടു ഗോള്‍ നേടി ലോകകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരവുമായി. 2006-ലെ ലോകകപ്പില്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡോ, മുള്ളറെ പിന്തള്ളി. വര്‍ഷങ്ങള്‍ക്കുശേഷം ജര്‍മനിയുടേതന്നെ ക്ലോസേ റൊണാള്‍ഡോയേയും പിന്നിലാക്കി.
1982-ല്‍ കളംവിട്ട മുള്ളര്‍ 1992-മുതല്‍ 2014 വരെ ബയേണിന്റെ അസിസ്റ്റ്ന്റ് മാനേജരായി പ്രവര്‍ത്തിച്ചു. 2015-ല്‍ അല്‍ഷിമേഴ്സിന് കീഴങ്ങിയ മുള്ളര്‍ ഇപ്പോള്‍ വിസ്മൃതിയുടെ ലോകത്താണ്. 39 വര്‍ഷം നിലനിന്ന തന്റെ റെക്കോഡ് മെസി തകര്‍ത്തറിഞ്ഞതറിയാതെ.


Post A Comment: