ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപ് കോടതിയിലേക്ക്


തൃശൂര്‍: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപ് കോടതിയിലേക്ക്. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.
സുപ്രധാനമായ പലരേഖകളും മൊഴികളും പൊലീസ് നല്‍കിയിട്ടില്ലെന്നും ഇത് മനപ്പൂര്‍വമാണെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ ആരോപിക്കുന്നു. നിര്‍ണായകമായ രേഖകളും മറ്റും നല്‍കിയില്ലെങ്കില്‍ അത് തങ്ങളുടെ വാദത്തെ ബാധിക്കുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ ഡിസംബര്‍ 15 ന് ദിലീപ് കുറ്റപത്രവും അനുബന്ധ രേഖകളും കൈപ്പറ്റിയിരുന്നു. മറ്റ് പ്രതികളും കുറ്റപത്രം കൈപ്പറ്റിയിട്ടുണ്ട്. അതേസമയം, നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയും ഇതിന്‍റെ അടിസ്ഥാനത്തില്‍ ദിലീപിന്‍റെ സാന്നിധ്യത്തില്‍ അവ പരിശോധിക്കാന്‍ അഭിഭാഷകര്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു. അതിനിടെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതിനെതിരെ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജനുവരി ഒന്‍പതിന് അങ്കമാലി മജിസ്ട്രേറ്റ് കോടതി വിധി പറയും. കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്ന സാക്ഷിമൊഴികള്‍ അടുത്തിടെ പുറത്തായിരുന്നു. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് സാക്ഷിമൊഴികള്‍. ദിലീപും കാവ്യാമാധവനും തമ്മില്‍ അവിഹതബന്ധം ഉണ്ടായിരുന്നെന്നും അത് താന്‍ അറിഞ്ഞതോടെയാണ് തങ്ങളുടെ വിവാഹബന്ധം തകര്‍ന്നതെന്നും നടി മഞ്ജു വാര്യരുടെ മൊഴിയില്‍ പറയുന്നുണ്ട്. ദിലീപും കാവ്യാമാവനും തമ്മിലുണ്ടായിരുന്ന അവിഹിതബന്ധം വ്യക്തമാക്കുന്ന മൊഴികള്‍ മറ്റ് പല നടിമാരും നല്‍കിയിട്ടുണ്ട്.

Post A Comment: