ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന് ബിസിസിഐ അഞ്ച് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തി


മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന് ബിസിസിഐ അഞ്ച് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തി. ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്കെതിരെ നടപടി. മുന്‍കാലപ്രാബല്യത്തോടെയുള്ള വിലക്കാണ് പത്താന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് ജനുവരി 14 ന് അവസാനിക്കും. വാഡയുടെ നിരോധിത മരുന്നുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ടെര്‍ബുറ്റാലിന്‍ ആണ് പത്താന്‍ ഉപയോഗിച്ചത്. 2017 ഓഗസ്റ്റിലാണ് വിലക്ക് നിലവില്‍ വന്നത്. 2017 മാര്‍ച്ചില്‍ ആഭ്യന്തര ട്വന്റി20 മത്സരത്തിനിടയില്‍ പത്താന്‍ നല്‍കിയ മൂത്രസാമ്പിള്‍ പരിശോധിച്ചപ്പോഴാണ് ഉത്തേജകമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. കളിക്കളത്തില്‍ ഊര്‍ജം നേടാനല്ല മറിച്ച്‌ ശ്വസനനാളിയില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് മരുന്ന് സ്വീകരിച്ചതെന്ന് പത്താന്‍ വ്യക്തമാക്കി. സാധാരണ കഫ് സിറപുകളില്‍ കാണുന്ന നിരോധിത മരുന്നാണ് പത്താന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും താരത്തിന്‍റെ വിശദീകരണത്തില്‍ തൃപ്തരാണെന്നും ബിസിസിഐ വ്യക്തമാക്കി. വെടിക്കെട്ട് ബാറ്റിംഗിലൂടെ ആരാധകരെ സ്വന്തമാക്കിയ യൂസഫ് പത്താന്‍ ഇന്ത്യയ്ക്ക് വേണ്ടി 57 ഏകദിനങ്ങളും 22 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Post A Comment: