ജമ്മുകശ്മീരില്‍ പാക്കിസ്ഥാന്‍ റേഞ്ചേഴ്സുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ബിഎസ്‌എഫ് ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പാക്കിസ്ഥാന്‍ റേഞ്ചേഴ്സുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ബിഎസ്‌എഫ് ജവാന് വീരമൃത്യു. അര്‍നിയ - ആര്‍എസ് പുര സെക്ടറില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു ആക്രമണം നടന്നത്. മോട്ടോര്‍ ഷെല്ലുകള്‍ ഉപയോഗിച്ചാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. ഈ ആക്രമണത്തെ ശക്തമായി ചെറുത്തുനില്‍ക്കുന്നതിനിടെയാണ് ബിഎസ്‌എഫ് ജവാന്‍ വീരമൃത്യു വരിച്ചത്. പാക്കിസ്ഥാന്‍ റേഞ്ചേഴ്സുമായുള്ള ഏറ്റുമുട്ടല്‍ അര്‍ധരാത്രി കഴിഞ്ഞും നീണ്ടു. ഞായറാഴ്ച അര്‍ധരാത്രി നടന്ന ഏറ്റുമുട്ടലില്‍ ഏഴു പാക്ക് സൈനികരെ ഇന്ത്യ വധിച്ചിരുന്നു. സാംബ അതിര്‍ത്തിയിലായിരുന്നു ഏറ്റുമുട്ടല്‍. അര്‍നിയ സെക്ടറില്‍ കഴിഞ്ഞ ദിവസം ഇന്ത്യയിലേക്കു കടക്കാന്‍ ശ്രമിച്ച ഭീകരനെ സേന കൊലപ്പെടുത്തിയിരുന്നു. രണ്ട് ഭീകരര്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് രാജ്യാന്തര അതിര്‍ത്തിയിലുടനീളം സുരക്ഷയും തിരച്ചിലും ശക്തമാക്കി 'ഓപ്പറേഷന്‍ അലര്‍ട്ട്' എന്ന പേരില്‍ സേനാ നടപടികള്‍ക്കു ബിഎസ്‌എഫ് തുടക്കമിട്ടു. 200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രാജ്യാന്തര അതിര്‍ത്തി കനത്ത കാവലിലാണെന്നു സേനാവൃത്തങ്ങള്‍ അറിയിച്ചു. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി ജമ്മു അഡീഷണല്‍ കമ്മീഷണര്‍ അരുണ്‍ മന്‍ഹാസ് അറിയിച്ചു.

Post A Comment: