മത്സരയോട്ടത്തിനിടയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക്‌ പരുക്കേറ്റു


കടമ്പനാട്‌: മത്സരയോട്ടത്തിനിടയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക്‌ പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും ഏഴു പേരെ അടൂര്‍ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏതാനും പേരെ ശാസ്‌താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  കടമ്പനാട്‌ കെ.ആര്‍.കെ.പി.എം.ബി.എച്ച്‌.എസ്‌.എസ്‌ വിദ്യാര്‍ഥി മണ്ണടി ആതിരയില്‍ ആദര്‍ശി(13)നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലാക്കിയത്‌. ഇതേ സ്‌കൂളിലെ വിദ്യാര്‍ഥികളായ മണ്ണടി അഭയം വീട്ടില്‍ അഭയിന്‍ (13), പാറവിള കിഴക്കേതില്‍ അഭിനവ്‌ എസ്‌. കുമാര്‍ (12), പോരുവഴി വി.എച്ച്‌.എസ്‌.എസ്‌ വിദ്യാര്‍ഥി മണ്ണടി രാജേന്ദ്രഭവനം അഭിരാമി (15), പട്ടാഴി മാവിള കിഴക്കേതില്‍ ശാന്തി (28), ഐവര്‍കാല പ്രീത ഭവനം പ്രീത (41), പാകിസ്‌ഥാന്‍മുക്ക്‌ മാവിളകുഴിയില്‍ നിര്‍മല (42), പാകിസ്‌ഥാന്‍മുക്ക്‌ ശ്രുതിലയം ശ്രുതി (23) എന്നിവരെയാണ്‌ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഏഴംകുളം-ഏനാത്ത്‌-കടമ്പനാട്‌ മിനിഹൈവേയില്‍ പാകിസ്‌ഥാന്‍മുക്കില്‍ ഇന്നലെ വൈകിട്ട്‌ അഞ്ചിനാണ്‌ അപകടം നടന്നത്‌.  കടമ്പനാട്‌ നിന്ന്‌ ഏനാത്തിന്‌ വരികയായിരുന്ന മഠത്തിവിള എന്ന ബസ്‌ പാകിസ്‌ഥാന്‍മുക്കില്‍ ആളെയിറക്കാന്‍ നിര്‍ത്തിയപ്പോഴാണ്‌ അപകടം. തൊട്ടു പിന്നില്‍ വരികയായിരുന്ന നിസാര്‍ ബസ്‌ അമിത വേഗത്തിലെത്തി ഓവര്‍ടേക്ക്‌ ചെയ്യുന്നതിനിടയില്‍ മഠത്തിവിള ബസിന്‌ പിറകില്‍ ഇടിക്കുകയായിരുന്നു.  നിലയ്‌ക്കല്‍ ജങ്‌ഷനില്‍ ആളെയിറക്കാതെയാണ്‌ നിസാര്‍ എത്തിയതെന്ന്‌ യാത്രക്കാര്‍ പറഞ്ഞു. ഈ റൂട്ടില്‍ സ്വകാര്യബസുകള്‍ തമ്മിലുള്ള മത്സരയോട്ടം പതിവാണ്‌. എന്നാല്‍ നിയമപാലകര്‍ ഇത്‌ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന്‌ യാത്രക്കാര്‍ പറഞ്ഞു.

Post A Comment: