രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന പെട്രേള്‍, ഡീസല്‍ വിലയില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച്‌ എംവി ജയരാജന്‍.

തിരുവനന്തപുരം: രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന പെട്രേള്‍, ഡീസല്‍ വിലയില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച്‌ എംവി ജയരാജന്‍. പെട്രോള്‍, ഡീസല്‍ വില സമാനതകളില്ലാത്ത വിധം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 75 രൂപയും ഡീസലിന് 67 രൂപയും കടന്നിരിക്കുകയാണ്. ഇത് റെക്കോര്‍ഡ് വിലക്കയറ്റമാണ്. ഈ നിലയില്‍ പോയാല്‍ പെട്രോള്‍ വില ലിറ്ററിന് 100 രൂപയാകാന്‍ അധികനാള്‍ വേണ്ടിവരില്ല. വിലനിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതാണ് തത്വദീക്ഷയില്ലാത്ത ഈ വിലക്കയറ്റത്തിന് കാരണമെന്ന് ജയരാജന്‍ പറഞ്ഞു. ജനങ്ങളോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ ഇന്ധനവില നിയന്ത്രണാധികാരം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് വേണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയ്ക്കനുസരിച്ചല്ല ഇപ്പോള്‍ രാജ്യത്ത് തീരുമാനിച്ചിരിക്കുന്ന ഇന്ധനവില. 2013 സെപ്തംബറില്‍ ക്രൂഡ്‌ഓയില്‍ വില ബാരലിന് 104.60 ഡോളറുണ്ടായിരുന്നപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് 74.10 രൂപയും ഡീസലിന് 51.97 രൂപയുമായിരുന്നു. ഇപ്പോള്‍ ക്രൂഡ്‌ഓയില്‍ വില ബാരലിന് 68 ഡോളര്‍ മാത്രം. ഇതുപോലൊരു തീവെട്ടിക്കൊള്ള മോദി സര്‍ക്കാര്‍ നടത്തുമ്ബോള്‍ എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവരായി നാം അടങ്ങിയിരുന്നുകൂടാ എന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം ഇന്ധനവില വര്‍ദ്ധിപ്പിച്ചുകൊണ്ട് സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ജനജീവിതത്തിന്റെ സമസ്തമേഖലയെയും ബാധിക്കുന്ന ഒന്നാണ് ഇന്ധനവിലക്കയറ്റം. ഒരു നിമിഷം പോലും വൈകാതെ ഇന്ധനവില വര്‍ദ്ധിപ്പിക്കുന്ന നടപടി പുനഃപരിശോധിക്കുക തന്നെ വേണം. ശക്തമായ ജനകീയപ്രക്ഷോഭത്തിന് നാം തയ്യാറാവേണ്ടിയിരിക്കുന്നു എന്നും എംവി ജയരാജന്‍ പറഞ്ഞു.

Post A Comment: