രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാറുകള്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്

ജൈപൂര്‍: പദ്മാവത് ചിത്രം വിലക്കാനാവില്ലെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ചിട്ടും രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാറുകള്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്. വിലക്കാനാവില്ലെന്ന ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇരു സംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീപിച്ചത്. ക്രമസമാധാനം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി സിനിമാട്രോഗ്രാഫ് ആക്‌ട് വഴി സര്‍ക്കാറിന് സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെപ്പിക്കാനുള്ള നിയമമുണ്ടെന്നും ഇവര്‍ സുപ്രീംകോടതിയെ ബോധിപ്പിക്കും. നേരത്തെ നാല് സംസ്ഥാനങ്ങള്‍ പദ്മാവത് വിലക്കിയിരുന്നു. ഇതിനെതിരെ നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെതുടര്‍ന്നാണ് ചിത്രം വിലക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചത്. അതിനിടെ ചിത്രത്തിന്‍റെ റിലീസിനെതിരെ രാജസ്ഥാനിലെ ഒരുകൂട്ടം സ്ത്രീകള്‍ രംഗത്തെത്തി. ചേതവാനി എന്ന പേരില്‍ റാലി നടത്തിയ ഇവര്‍ പദ്മാവത് റിലീസ് ചെയ്താല്‍ തീയില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി.

1908 സ്ത്രീകള്‍ തീയില്‍ ചാടി ആത്മഹത്യ ചെയ്യുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് പ്രധാനമന്ത്രിക്ക് അയക്കുകയും ചെയ്തു. റാണി പദ്മിനിയെ അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് റാലിയില്‍ സ്ത്രീകള്‍ പ്രഖ്യാപിച്ചു.

Post A Comment: