സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ആരോപണം


തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ആരോപണം അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണം ദുരുദ്ദേശപരമാണ്. ബിനോയ് 15 വര്‍ഷമായി വിദേശത്താണ്. തെറ്റ് ചെയ്തിട്ടില്ലെന്ന് ബിനോയ് വിശദീകരിച്ചിട്ടുണ്ട്. വിഷയത്തില്‍ പരാതികള്‍ ലഭിച്ചിട്ടില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന പോലെയൊരു അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാരിന് മുന്നില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്തയുടെ നിജസ്ഥിതി സര്‍ക്കാരിന് അറിയില്ലെന്നും പിണറായി പറഞ്ഞു. പാര്‍ട്ടിക്ക് ചേരാത്ത പ്രശ്നമാണെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കും. ലാളിത്യത്തിന്‍റെ പേരുപറയുന്നവരുടെ മക്കളാണ് ഇതൊക്കെ ചെയ്യുന്നതെന്ന് വിഷയം നിയമസഭയില്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അപമാനിക്കാനായി നേതാക്കളേയും മക്കളേയും കുറിച്ച്‌ പറയരുതെന്ന് പാര്‍ലമെന്‍റെറി കാര്യമന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ചും അദ്ദേഹത്തിന്‍റെ കുടുംബത്തെക്കുറിച്ചും എന്തൊക്കെ നിങ്ങള്‍ പറഞ്ഞു. അതുപോലെ തരംതാണപരാമര്‍ശം ഒന്നും തങ്ങള്‍ പറഞ്ഞില്ലല്ലോ എന്ന് ചെന്നിത്തല ചോദിച്ചു. വിദേശ മലയാളികളെ പോലും അപമാനിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Post A Comment: