പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സീനിയര്‍ പോലിസ് ഓഫിസര്‍ക്ക് പിന്നാലെ എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു


ആലപ്പുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സീനിയര്‍ പോലിസ് ഓഫിസര്‍ക്ക് പിന്നാലെ എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. മാരാരിക്കുളം പോലിസ് സ്‌റ്റേഷനിലെ പ്രബേഷനറി എസ്‌ഐ കെ ജി ലൈജു, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സുഹൃത്ത് ആലപ്പുഴയിലെ സ്വകാര്യ ഐടിഐയില്‍ പഠിക്കുന്ന വടക്കനാര്യാട് തെക്കേപ്പറമ്പില്‍ ജിന്‍മോന്‍(22), ഇടനിലക്കാരിയുടെ സുഹൃത്തും ഡ്രൈവറുമായ പൊള്ളേത്തൈ സ്വദേശി യേശുദാസ്(28) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ആലപ്പുഴ മംഗലം സ്വദേശിനിയായ 16കാരിയെ പീഡിപ്പിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് വിഭാഗം സീനിയര്‍ സിപിഒ നെല്‍സണ്‍ തോമസ്, പെണ്‍കുട്ടിയുടെ അകന്ന ബന്ധു ആതിര(26) എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

സംഭവത്തില്‍ കൂടുതല്‍ പോലിസുകാര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. ബന്ധുവായ പുന്നപ്ര സ്വദേശിനി ആതിരയാണ് നിര്‍ധന കുടുംബാംഗമായ പെണ്‍കുട്ടിയെ എല്ലാ ദിവസവും വീട്ടില്‍ നിന്ന് കൊണ്ടു പോയിരുന്നത്. ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വാര്‍ഡ് കൗണ്‍സിലര്‍ ജോസ് ചെല്ലപ്പന്റെ നേതൃത്വത്തില്‍ തടഞ്ഞു വച്ച് പോലിസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കേസിലെ പോലിസ് ബന്ധം പുറത്തുവരുന്നത്. ഡിവൈഎസ്പി പി വി ബേബിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടി ശാരീരികമായി ആക്രമിക്കപ്പെട്ടതിനു വൈദ്യപരിശോധനയില്‍ തെളിവു ലഭിച്ചിട്ടുണ്ട്.

Post A Comment: