സംസ്ഥാനത്ത് 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം.


കൊച്ചി: സംസ്ഥാനത്ത് 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം.
മലപ്പുറം ജില്ലയില്‍ പോത്തുകല്ല് പഞ്ചായത്തിലെ ഞെട്ടിക്കുളം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രജനി വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി അനു സ്മിതയെ 88 വോട്ടിനാണ് തോല്‍പ്പിച്ചത്. യുഡിഎഫ് കഴിഞ്ഞ തവണ ജയിച്ച ഈ വാര്‍ഡ് പിടിച്ചെടുത്തതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനായി.
എറണാകുളം ജില്ലയില്‍ ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ ബേബി ജോണാണ് വിജയിച്ചത് . യുഡിഎഫിലെ മിനി മില്‍ട്ടണെ 207 വോട്ടിനാണ് പരാജയപ്പെടുത്തിയത്. യുഡിഎഫ് റിബലാണ് കഴിഞ്ഞ തവണ ഇവിടെ ജയിച്ചത്. എല്‍ഡിഎഫ് :461, യുഡിഎഫ് :254, ബിജെപി:133. 

പാലക്കാട് ജില്ലയില്‍ വടക്കാഞ്ചേരി പഞ്ചായത്തിലെ മിച്ചാരംകോട് വാര്‍ഡില്‍ സിപിഐ എമ്മിലെ രുഗ്മിണി ഗോപി കോണ്‍ഗ്രസിലെ നിഷാ രവീന്ദ്രനെ 210 വോട്ടിന് തോല്‍പ്പിച്ചു. ബിജെപിയിലെ എം കോമളന് ആകെ 117 വോട്ടെയുള്ളൂ. ആകെ വോട്ട്: 957.എല്‍ഡിഎഫ്: 525, യുഡിഎഫ്:315,ബിജെപി: 117. കഴിഞ്ഞതവണ 13 വോട്ടിന് എല്‍ഡിഎഫ് ജയിച്ച വാര്‍ഡാണ്.
പാലക്കാട് ജില്ലയില്‍ കടമ്പഴിപ്പുറം പഞ്ചായത്തിലെ കോണിക്കഴി വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബി മുഹമ്മദ് വിജയിച്ചു. സിപിഐ എമ്മിലെ എന്‍ അലിക്കുട്ടിയാണ് പരാജയപ്പെട്ടത്. യുഡിഎഫിന് 616 വോട്ടും എല്‍ഡിഎഫിന് 467 വോട്ടും ലഭിച്ചു. ബിജെപിയിലെ നിഷാദിന് 169 വോട്ട് കിട്ടി. കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയിച്ച വാര്‍ഡാണ്.

തിരുവനന്തപുരം ജില്ലയില്‍ നഗരൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിലെ എ ഷിബാന (സിപിഐ എം) യുഡിഎഫിലെ സോഫിയ ബീവി (യുഡിഎഫ്) യെ പരാജയപ്പെടുത്തി. 141 വോട്ടിനാണ് വിജയം. എല്‍ഡിഎഫ് വാര്‍ഡ് നിലനിര്‍ത്തി.
കൊല്ലം ജില്ലയില്‍ പടിഞ്ഞാറെ കല്ലട വിളന്തറ വാര്‍ഡില്‍ പി ജയശ്രീ (സിപിഐ എം) വിജയിച്ചു. യുഡിഎഫ് രജിന (കോണ്‍ഗ്രസ്) എല്‍ഡിഎഫ് വിജയിച്ച വാര്‍ഡാണ്.
കൊല്ലം ജില്ലയില്‍ കൊറ്റങ്കര പഞ്ചായത്തിലെ മാമ്പുഴ വാര്‍ഡില്‍ സിപിഐ എമ്മിലെ പി കെ വിജയന്‍ പിള്ള വിജയിച്ചു.179 വോട്ടിനാണ് യുഡിഎഫിലെ വി ശാലിനിയെ തോല്‍പ്പിച്ചത്. എല്‍ഡിഎഫ് സിറ്റിങ് വാര്‍ഡാണ്.
നെടുവത്തൂര്‍ തെക്കുംപുറം വാര്‍ഡില്‍ യുഡിഎഫിലെ ഓമന സുധാകരന്‍ (കോണ്‍.) വിജയിച്ചു. എല്‍ഡിഎഫിലെ ബി ബേബി (കേരള കോണ്‍ഗ്രസ് ബി)യാണ് പരാജയപ്പെട്ടത്. യുഡിഎഫ് അംഗം തൂങ്ങിമരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കോട്ടയം ജില്ലയില്‍ വാകത്താനം ഗ്രാമപഞ്ചായത്തിലെ മരങ്ങാട് വാര്‍ഡില്‍ അരുണിമ പ്രദീപ് (സിപിഐ എം) 273 വോട്ടിന് വിജയിച്ചു. യുഡിഎഫിലെ ചെല്ലനെയാണ് പരാജയപ്പെടുത്തിയത്. സിപിഐ എം അംഗം പി ടി ഗോപിനാഥ് കുഴഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്.

Post A Comment: