2013 ലാണ് തണീര്‍തടം മണ്ണിട്ട് നികത്തല്‍ ആരംഭിച്ചത്.

പുതുക്കാട്: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അട്ടിമറിച്ച് കുറുമാലിയില്‍ തേക്ക് കൃഷി. ഒരു വര്‍ഷം മുന്‍പ് പൈനാപ്പിള്‍ കൃഷി ചെയ്ത് പരിവര്‍ത്തനം ചെയ്‌തെടുത്ത സ്ഥലത്താണ് ഇപ്പോള്‍ തേക്ക് തൈകള്‍ വെച്ചിരിക്കുന്നത്. ദേശീയപാതയ്ക്ക് സമീപം കുറുമാലിക്കാവ് ക്ഷേത്രത്തോട് ചേര്‍ന്നുള്ള സ്ഥലത്താണ് സ്വകാര്യ വ്യക്തി അനധികൃതമായി മണ്ണിട്ട് നികത്തലും തേക്ക് കൃഷിയും നടക്കുന്നത്. 2008ന് മുന്‍പ് നികത്തിയ ഭൂമിയാണെന്ന രേഖയുണ്ടാക്കിയാണ് ഇവിടെ നീര്‍ത്തടം നികത്തിയിരിക്കുന്നതെന്ന ആരോപണമുണ്ട്. 2013 ലാണ് തണീര്‍തടം മണ്ണിട്ട് നികത്തല്‍ ആരംഭിച്ചത്. 

അന്ന് അധികാരികള്‍ക്ക് പരാതി നല്‍കിയും നെല്‍കൃഷിചെയ്യാന്‍ തയ്യാറാണെന്നറിയിച്ചും ശാത്രസാഹിത്യപരിഷത്ത് രംഗത്ത് വന്നിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധം ആദ്യം ശക്തമായിരുന്നെങ്കിലും പിന്നീട് ഇല്ലാതാവുകയായിരുന്നു. സിപിഎം, ബിജെപി നേതാക്കള്‍ സ്ഥലത്തേക്ക് ജാഥ നയിക്കുകയും.സിപിഎം പ്രവര്‍ത്തകര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കൊടികുത്തി മണ്ണിട്ടു നികത്തുന്നത് തടയുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സ്ഥലമുടമ ഇവിടെ പൈനാപ്പിള്‍ കൃഷി ആരംഭിച്ചത്.ഏക്കര്‍ കണക്കിന് വരുന്ന തണ്ണീര്‍തടത്തില്‍ ചാല് കീറി മണ്ണിട്ട് ഉയര്‍ത്തിയാണ് പൈനാപ്പിള്‍ കൃഷി നടത്തുന്നത്. ഒരു മാസം മുന്‍പ് പൈനാപ്പിള്‍ വിളവെടുപ്പ് നടത്തിയിരുന്നു. വ്യാപിച്ചുകിടക്കുന്ന പൈനാപ്പിള്‍ കൃഷിയുടെ ഇടയിലാണ് തേക്ക് തോട്ടം വച്ചുപിടിപ്പിക്കുന്നത്.

അധികൃതരുടെ കണ്മുന്നില്‍ നടക്കുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നതോടൊപ്പം ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണെന്നും ആക്ഷേപമുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍ കൃഷി വകുപ്പിനും റവന്യു അധികാരികള്‍ക്കും പരാതി നല്‍കി.


Post A Comment: