വ്യാജ വിലാസമുപയോഗിച്ചാണ് അമലാപോള്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ കാര്‍ റജിസ്റ്റര്‍ ചെയ്യാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന കേസില്‍ നടി അമലാ പോളിന്‍റെ വാദം തെറ്റാണെന്ന് കണ്ടെത്തിയതിനാല്‍ അവരെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്. വ്യാജ വിലാസമുപയോഗിച്ചാണ് അമലാപോള്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണത്തില്‍ അമലയും വീട്ടുടമയും നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുകളുള്ളതായി കണ്ടെത്തിയിരുന്നു. വിലാസത്തിലുള്ള വീടിന്‍റെ താഴത്തെ നിലയിലാണ് താമസിച്ചതെന്നാണ് അമല പറയുന്നത്. എന്നാല്‍ മുകളിലത്തെ നിലയാണ് തങ്ങള്‍ അമലക്ക് വാടകകക്ക് നല്‍കിയതെന്നാണ് വീട്ടുടമയുടെ മൊഴി. അതേസമയം അമലാപോള്‍ ഇവിടെ താമസിച്ചിരുന്നായി പ്രദേശവാസികളാരും തന്നെ മൊഴി നല്‍കിയിട്ടില്ല. നോട്ടറി നല്‍കിയ മൊഴിയും അമലക്കെതിരാണ്. അമലക്ക് പകരം ഏജന്റാണ് വന്നിരുന്നതെന്നും നോട്ടറി അറിയിച്ചു. അവര്‍ നേരിട്ടെത്തുകയോ താന്‍ അവരെ കാണുകയോ ചെയ്തിട്ടില്ലെന്ന് നോട്ടറി ബാലശങ്കര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്. നോട്ടറൈസ് ചെയ്തെന്ന് പറയുന്ന ഒപ്പും വ്യാജമാണെന്നാണ് കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് അമലാ പോളിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഘട്ടത്തിലാണ് ക്രൈംബ്രാഞ്ച് പുതുച്ചേരിയില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അഭിഭാഷകന് കൈമാറുകയും ചെയ്തിരുന്നു. കേസില്‍ അവരെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെടും.

Post A Comment: