പാറേമ്പാടത്തുനിന്നും പഴഞ്ഞി, ചിറക്കല്‍, വട്ടംപാടം വഴി ആറ്റുപുറത്തേക്കുള്ള 11 കിലോമീറ്റര്‍ റോഡിന്‍റെ നിര്‍മാണമാണ് നാട്ടുകാര്‍ തടഞ്ഞത്

കുന്നംകുളം: പാറേമ്പാടം - ആറ്റുപുറം റോഡ്‌ നിര്‍മാണത്തില്‍ അപാകത, ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെ ഒരു വിഭാഗത്തിന്‍റെ സമ്മര്‍ദത്തിന് വഴങ്ങി റോഡ്‌ നിര്‍മാണത്തില്‍ ഒത്തുകളി. നാട്ടുകാരുടെ നേതൃത്വത്തില്‍ നിര്‍മാണം തടഞ്ഞു. പാറേമ്പാടത്തുനിന്നും പഴഞ്ഞി, ചിറക്കല്‍, വട്ടംപാടം വഴി ആറ്റുപുറത്തേക്കുള്ള 11 കിലോമീറ്റര്‍ റോഡിന്‍റെ നിര്‍മാണമാണ് കാട്ടകാമ്പാല്‍ പഞ്ചായത്ത് കാര്യാലയത്തിനു മുന്‍പില്‍ നാട്ടുകാര്‍ തടഞ്ഞത്. നിലവിലുള്ള ഒറ്റവരി പാതയെ വികസിപ്പിച്ചു രണ്ടു വരിയായി മാറ്റുന്നതിന് ആലത്തൂര്‍ എംപി പി കെ  ബിജുവിന്‍റെ വികസന ഫണ്ടില്‍ നിന്നും 13 കോടി രൂപയാണ് അനുവദിച്ചിരുന്നത്. മഴ മാറിയതോടെ പോര്‍ക്കുളം ഭാഗത്ത്‌ കാനകള്‍ അടക്കമുള്ളവയുടെ നിര്‍മാണം പൂര്‍ത്തിയാവുകയും റോഡ്‌ വീതി കൂട്ടല്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അങ്ങാടി വീടുകള്‍ നില്‍ക്കുന്ന പഴഞ്ഞി ഭാഗത്തേക്ക് എത്തിയപ്പോള്‍ ഒരു വിഭാഗത്തിന്‍റെ സമ്മര്‍ദത്തിന് ഉദ്യോഗസ്ഥര്‍ വഴങ്ങുകയും റോഡ്‌ വീതി കൂട്ടാതെ നിലവിലുള്ള റോഡ്‌ റീ ടാറിംഗ് നടത്താനുള്ള ശ്രമം നടത്തുകയും ചെയ്യുകയായിരുന്നു. സ്ഥലമേറ്റെടുപ്പുമായി ബന്ധപെട്ട പ്രശ്നം ഉയര്‍ന്നു വന്നപ്പോള്‍ തന്നെ ഇവിടെ ഭൂമി അളക്കുകയും നിരവധി കയ്യേറ്റങ്ങള്‍ കണ്ടെത്തുകയും  പുറം പോക്കായി അടയാളപ്പെടുത്തുകയും ചെയ്തിരുന്നു.  എന്നാല്‍ ഇവ ഏറ്റെടുത്ത് റോഡ്‌ വീതി കൂട്ടാന്‍ ഉദ്ധ്യോഗസ്ഥര്‍ തയ്യാറായില്ല. തുടര്‍ന്നാണ്‌ നാട്ടുകാര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ തടഞ്ഞത്. പ്രദേശത്തിന്‍റെ വികസനത്തെയും ബാധിക്കുന്ന തരത്തില്‍ ഒത്തുകളി നടത്തി നിര്‍മ്മാണം തുടരാന്‍ സമ്മതിക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 

Post A Comment: