ആറരക്കോടി രൂപ ചിലവില്‍ ജി ഐ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ സ്ട്രക്ചറും, അക്രിലിക് ഗ്ലാസും ഉപയോഗിച്ച് അക്വേറിയത്തിന്റെ നിര്‍മ്മാണം തൃശ്ശൂരിലാണ് നടക്കുന്നത്.കൊച്ചി: മത്സ്യങ്ങളും മറ്റ് കടല്‍ ജീവികളും സസ്യങ്ങളും അടങ്ങുന്ന സമുദ്രത്തിലെ വിസ്മയിപ്പിക്കുന്ന ലോകം ഗ്ലാസ് തുരങ്കത്തിലൂടെ നടന്നു കാണാം. ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയം ഓഷ്യാനസ് അണ്ടര്‍ വാട്ടര്‍ എക്‌സ്‌പോ സംസ്ഥാനത്ത് ആരംഭിക്കും. ഫെബ്രുവരി അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാകും. 
നീല്‍ എന്റര്‍ടെയിന്‍മെന്റ്‌സാണ് ടണല്‍ അക്വേറിയത്തിന്റെ നിര്‍മ്മാതാക്കള്‍. ആറരക്കോടി രൂപ ചിലവില്‍ ജി ഐ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ സ്ട്രക്ചറും, അക്രിലിക് ഗ്ലാസും ഉപയോഗിച്ച് അക്വേറിയത്തിന്റെ നിര്‍മ്മാണം തൃശ്ശൂരിലാണ് നടക്കുന്നത്. നൂറ്റമ്പതു അടി നീളമുള്ള തുരങ്കമാണ് ഇതിനു ഒരുങ്ങുന്നത്. നീല്‍ എന്റര്‍ടെയിന്‍മെന്റ്‌സ് ഓഫീസ് ഉദ്ഘാടനവും അക്വേറിയത്തിന്റെ വിശദാംശങ്ങളുടെ അവതരണവും പാലാരിവട്ടം കേര്‍പ്പറേഷന്‍ ബാങ്കിന്റെ എതിര്‍വശമുള്ള ഹെവന്‍ പ്ലാസയില്‍ നടന്നു. സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി എം എം മണി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രമുഖ സിനിമാ താരം ഇര്‍ഷാദ് അലിയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.  
കേരള ടൂറിസത്തിന് ടണല്‍ അക്വേറിയം ഒരു മുതല്‍ കൂട്ടാകുമെന്ന് മന്ത്രി മണി അഭിപ്രായപ്പെട്ടു. വിദേശത്ത് മാത്രം കാണാന്‍ സാധിക്കുന്ന ഈ കാഴ്ച ഇവിടെ എത്തുന്നതോടെ കേരളത്തിന് അഭിമാനമാകാവുന്ന നേട്ടങ്ങളിലൊന്നായി ഇതു മാറുമെന്ന് അദ്ദേഹം പറഞ്ഞു. 
പതിനെട്ടു രാജ്യങ്ങളില്‍ നിന്നും പതിനായിരത്തോളം വരുന്ന വ്യത്യസ്ത ഇനം മത്സ്യങ്ങളും കടല്‍ ജീവികളും അവയ്ക്കായി സമുദ്രവും ലഗൂണുകളും ഒരുക്കുന്ന ആവാസ വ്യവസ്ഥയും പരിസ്ഥിതിതിയും പുനരാവിഷ്‌ക്കരിക്കുകയാണ് അക്വേറിയം എന്ന് നീല്‍ എന്റര്‍ടെയില്‍മെന്റ്‌സ് എം ഡി നിമില്‍ കെ കെ പറഞ്ഞു. വിശദമായ പഠനത്തോടു കൂടി ഇനം തിരിച്ചാകും പ്രദര്‍ശനം സംഘടിപ്പിക്കുക.  
ഓരോ ഇനം മത്സ്യങ്ങളുടേയും ജീവചക്രത്തേയും സ്വഭാവത്തേയും ചുറ്റുപാടുകളെയും അടിസ്ഥാനപ്പെടുത്തിയാണ് പ്രദര്‍ശിപ്പിക്കുക. അത്ഭുതകരമായ ദൃശ്യാനുഭവങ്ങള്‍ക്കു പുറമേ വിദ്യാര്‍ഥികള്‍ക്കായി കടല്‍ ജീവികളും, അവയുടെ വാസസ്ഥാനവും സംബന്ധിച്ച അറിവു പകരാനും, സമുദ്ര മലിനീകരണത്തിന്റെ ഭവിഷത്തുക്കള്‍ സംബന്ധിച്ച് പഠന ശില്‍പശാലകള്‍ സംഘടിപ്പിക്കാനും എക്‌സ്‌പോ സൗകര്യം ഒരുക്കുന്നുണ്ടെന്ന് നിമില്‍ പറഞ്ഞു. കൊച്ചിയിലും കൊല്ലത്തും ആദ്യ എക്‌സിബിഷനുകള്‍ സംഘടിപ്പിക്കാനാണ് പദ്ധതി. 

Post A Comment: