ആശങ്കകള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥരുടെ യോഗം ജനുവരി 20 ന് ചേരാനും തീരുമാനമായി.


കുന്നംകുളം: നിര്‍ത്തി വെച്ച പാറേമ്പാടം-ആറ്റുപുറം റോഡ്‌ നിര്‍മ്മാണം പുനരാരംഭിക്കും. എംപി പി കെ ബിജുവിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നിര്‍മ്മാണം പുനരാരംഭിക്കാന്‍ വഴി തെളിഞ്ഞത്. ആശങ്കകള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥരുടെ യോഗം ജനുവരി 20 ന് ചേരാനും തീരുമാനമായി.

റോഡ് നിര്‍മ്മാണത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും, ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കുന്നതിനുമായി കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത്  ഹാളില്‍ എംപിയുടെ നിര്‍ദ്ദേശ പ്രകാരം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നീര്‍മ്മാണം പുനരാരംഭിക്കാന്‍ തീരുമാനമെടുത്തത്. പുറമ്പോക്ക് ഭൂമികള്‍  ഏറ്റെടുത്ത്  വീതി കൂട്ടി റോഡ് നിര്‍മ്മിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ദിവസങ്ങള്‍ക്കു മുന്‍പ് നാട്ടുകാര്‍ നിര്‍മ്മാണം തടഞ്ഞിരുന്നു. തുടര്‍ന്ന് എം പി വിഷയത്തില്‍ ഇടപെടുകയും അടിയന്തിരമായി യോഗം വിളിച്ചു ചേര്‍ക്കുകയുമായിരുന്നു. യോഗത്തില്‍  പുറമ്പോക്ക് ഭൂമികള്‍  ഏറ്റെടുക്കുന്നതിനു മുന്നോടിയായി പൊതുമരാമത്ത്-റവന്യൂവകുപ്പ് ഉദ്ദ്യോഗസ്ഥരുടെ യോഗം എംപി, ജില്ലാകളക്ടര്‍  എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ജനുവരി 20 ന് കാട്ടകാമ്പാല്‍ പഞ്ചായത്ത് ഹാളില്‍ ചേരാനും.  റോഡിന്‍റെ വീതികൂട്ടുന്നതിന് തടസ്സമായി നില്‍ക്കുന്ന ഇരുവശങ്ങളിലുളള മരങ്ങള്‍ നീക്കം ചെയ്യുന്നതിനും, 49 വൈദ്യുതി തൂണുകള്‍മാറ്റുന്നതിനും തീരുമാനിച്ചു. നിലവിലുളളറോഡിലെ ഇളക്കിയെടുക്കുന്ന ടാറിംഗ് അവശിഷ്ടങ്ങള്‍ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നും ഉദ്ദ്യോഗസ്ഥര്‍ക്ക് എംപി നിര്‍ദ്ദേശം നല്‍കി. സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയിട്ടുളള പാറേമ്പാടം-ആറ്റുപുറം റോഡിന്‍റെ നിര്‍മ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുളള ദേശീയപാത വിഭാഗത്തിനാണ്. യോഗത്തില്‍ പി കെ ബിജു എം പി, പഞ്ചായത്ത് പ്രസിഡന്റ്മാരായ സി കെ സദാനന്ദന്‍ മാസ്റ്റര്‍, ഓമന ബാബു, തലപ്പിളളി അഡീഷണല്‍ തഹസില്‍ദാര്‍ വി എ അഖിലേശ്വരന്‍ ദേശീയപാതാ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍  ഷാലി കുര്യന്‍, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ സി സനില, ഷീജ സുധീപ്, കെ യു സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Post A Comment: